തുറവൂർ: തുറവൂരിലെ വടക്കു പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ടും കടലാക്രമണവും മൂലം ജനം ദുരിതത്തിൽ. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി.
അന്ധകാരനഴി, വെട്ടയ്ക്കൽ, ഒറ്റമശ്ശേരി, പള്ളിത്തോട്, ചാപ്പക്കടവ്, ചെല്ലാനം എന്നീ രമേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. ചെല്ലാനം മേഖലയിലെ ഭൂരിഭാഗം വീടുകളും വെള്ളത്തിലായി. കായലോര മേഖലകളായ വളമംഗലത്തും തൈക്കാട്ടുശേരിയിലും രൂക്ഷമായ വെള്ളക്കെടുതിയാണ് അനുഭവപ്പെടുന്നത്. ഈ പ്രദേശത്തെ വീടുകൾ വെള്ളക്കെട്ടുമൂലം ഒറ്റപ്പെട്ട നിലയിലായി.
കാവിൽ,പട്ടണക്കാട്, കടക്കരപ്പള്ളി, ഒളതല,അന്ധകാരനഴി, അഴീക്കൽ,പള്ളിത്തോട്, കുത്തിയതോട്, വല്ലേത്തോട്, എഴുപുന്ന, നീണ്ടകര എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. തുറവൂർ മനക്കോടം എൽ.പി സ്കൂൾ, പറയകാട് യു.പി സ്കൂൾ, വല്ലേത്തോട് ചങ്ങരം എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വെള്ളക്കെട്ടും കടലാക്രമണവും മൂലം ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായമെത്തിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ എം.എൽ.എ കളക്ടർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.