fdh

ഹരിപ്പാട്: കനത്ത മഴയ്ക്കിടെ ആറാട്ടുപുഴ പ്രദേശത്ത് കടലാക്രമണം രൂക്ഷമായി. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് കൂറ്റൻ തിരമാലകൾ പേരിന് പോലും കടൽഭിത്തിയില്ലാത്ത വട്ടച്ചാൽ, നല്ലാണിക്കൽ, രാമഞ്ചേരി പ്രദേശങ്ങളിൽ നാശം വിതച്ചത്.

വട്ടച്ചാൽ വെട്ടുപറമ്പിൽ സോമന്റ വീടിന് മുകളിൽ വൈദ്യുതി തൂൺ മറിഞ്ഞു വീണ് മേൽക്കൂര തകർന്നു. രാമഞ്ചേരിയിൽ സാധുപുരത്തിൽ റാഫിയും കുടുംബവും കടലാക്രമണ ഭീഷണി ഭയന്ന് ബന്ധുവീട്ടിലേക്ക് മാറി. വട്ടച്ചാൽ പ്രദേശത്ത് റെജിസദനത്തിൽ രാജു, താച്ചയിൽ വിശ്വരാജൻ, സജിഭവനത്തിൽ അമ്പിളിക്കുട്ടൻ, രാജീവ് ഭവനത്തിൽ രാജീവൻ, വെട്ടുപറമ്പിൽ സോമൻ എന്നിവരുടെയും വീടുകളും നല്ലാണിക്കൽ പ്രദേശത്ത് കരിത്തറയിൽ ഗോപാലൻ, വാലയിൽ വീരഭദ്രൻ, കിരത്തറയിൽ ശ്യാമളൻ, പുത്തൻപറമ്പിൽ റാഫി, ദേവീമഠത്തിൽ മിനി, അജയഭവനത്തിൽ അജയൻ, പുത്തൻവീട്ടിൽ ശിവകുമാർ, ഗുരുഭവനത്തിൽ സുധാകരൻ, എ.വി നിവാസിൽ സുജാത എന്നിവരുടെയും വീടുകൾ ഏത് നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്.