ഹരിപ്പാട്: കനത്ത മഴയിൽ ഹരിപ്പാടിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടായി. ഹരിപ്പാട് നഗരസഭ, കുമാരപുരം, പള്ളിപ്പാട്, കാർത്തികപ്പള്ളി, തൃക്കുന്നപ്പുഴ, പള്ളിപ്പാട്, വീയപുരം, ചെറുതന, ചേപ്പാട്, മുതുകുളം, ആറാട്ടുപുഴ പഞ്ചായത്തുകളിലെ നിരവധി വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടു. രണ്ട് ദിവസമായി തോരാതെ പെയ്യുന്ന മഴയിൽ ഇടറോഡുകളിലെല്ലാം വെള്ളം കയറി. മഹാദേവികാട് പുളിക്കീഴ് പാലത്തിന് പടിഞ്ഞാറ്, വടക്കുഭാഗം, പള്ളയമ്പുകാവലിൽ പല വീടുകളിൽ നിന്നും പുറത്ത് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വീടിനു ചുറ്റും വെള്ളക്കെട്ടായതോടെ പ്രദേശവാസികളുടെ വരുമാന മാർഗമായ കയർപിരി ദിവസങ്ങളായി നടക്കുന്നില്ല. ഷെഡുകളിൽ വെള്ളം കയറി മോട്ടോറുകൾ കേടായി. കയറുകൾ നനഞ്ഞും നഷ്ടം സംഭവിച്ചവരുമുണ്ട്.
തോണിക്കടവ് പൾസ് ഹോസ്പിറ്റൽ ഭാഗം, വാര്യംകാട് ഭാഗം, ഹസ്കാ പുരം, ആലുകുന്നത്ത്, വീച്ചു തടം, ആലക്കപ്പോച്ച ഭാഗങ്ങളിലും വീടും പരിസരവും വെള്ളത്തിലാണ്. കാർത്തികപ്പള്ളി ഒന്നാം വാർഡിൽ പള്ളയമ്പുകാവലിൽ പല വീടുകളിൽ നിന്നും ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
പല്ലനയിൽ വീടിന് ചുറ്രും വെള്ളം കയറിയതോടെ കല്ലുകൾ നിരത്തി മുകളിൽ ചിത ഒരുക്കി സംസ്കാരം നടത്തി. പല്ലന കെവി ജെട്ടി തൂക്കുപാലത്തിനു പടിഞ്ഞാറുള്ള വാടച്ചിറയിൽ സുഗത (85)നാണ് മരിച്ചത്.