ഹരിപ്പാട്: ദേശീയപാതയിൽ അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബേക്കറിയുടമ മരിച്ചു. നങ്ങ്യാർകുളങ്ങര രാജൂസ് ബേക്കറി ഉടമ ചിങ്ങോലി പുത്തൻപറമ്പിൽ പി.കെ.ജേക്കബ് (രാജു-57) ആണ് മരിച്ചത്. ബേക്കറി അടച്ചശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ തിങ്കളാഴ്ച രാത്രി ഒൻപതരയോടെ റോയൽഗാർഡൻസിന് സമീപമായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ് റോഡിൽ ഏറെ നേരം കിടന്നു. ഇതുവഴി വന്നവർ അറിയിച്ചതിനെ തുടർന്ന് കരീലക്കുളങ്ങര പൊലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്ന പി.കെ.ജേക്കബ് ബുധനാഴ്ച രാത്രിയാണ് മരിച്ചത്. ഭാര്യ: ലാലി ജേക്കബ്. മക്കൾ: റൂബി എൽസ ജേക്കബ്, ജോബിൻ തോമസ് ജേക്കബ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് കാർത്തികപ്പളളി ഓർത്തഡോക്‌സ് കത്തീഡ്രലിൽ.