photo

ചേർത്തല : മഴ കനത്തതോടെ തീരദേശ മേഖലയിൽ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷം. കടക്കരപ്പള്ളി, പട്ടണക്കാട് പഞ്ചായത്തുകളിലെ തീരദേശത്തെ നൂറിലധികം വീടുകൾ വെള്ളത്തിലാണ്. തൈക്കലിൽ കടലാക്രമണം രൂക്ഷമായതോടെ 3 വീടുകളും ഭീഷണിയിലായി.തൈക്കൽ ആറാട്ടുകുളം ടി​റ്റസ്,പുന്നയ്ക്കൽ സൈറസ്, പയസ് എന്നിവരുടെ വീടുകളിലാണ് കടൽത്തിരമാലയടിച്ചു കയറുന്നത്. നിരവധി തെങ്ങുകളും കടപുഴകി വീണു.

കടക്കരപ്പള്ളി പഞ്ചായത്ത് 12-ാം വാർഡിൽ ഇരുപതോളം വീടുകൾ വെള്ളത്തിലാണ്. കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന പൊഴിത്തോടുകൾ കരകവിഞ്ഞതാണ് പ്രദേശമാകെ വെള്ളത്തിലാകാൻകാരണം. തോടുകളിൽ നീരൊഴുക്ക് കുറവായതിനാൽ തിരിച്ച് കടലിലേക്ക് ഒഴുകുന്നുമില്ല.തങ്കി പള്ളി പരിസരവും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ട്. തങ്കിയിലേക്കുള്ള റോഡ് മുങ്ങിയ നിലയിലാണ്. രോഗം ബാധിച്ച് മരിച്ച പട്ടണക്കാട് പഞ്ചായത്ത് 16ാം വാർഡ് പട്ടാണിശേരിൽ ഏലിക്കുട്ടിയുടെ മൃതദേഹം വീടിനോട് ചേർന്ന് മുളയും തടികളും ഉപയോഗിച്ച് ഉയർത്തി പ്രത്യേക തട്ട് കെട്ടിയാണ് പൊതുദർശനത്തിന് വച്ചത്. തുടർന്ന് ആരാശുപുരം പള്ളിയിൽ സംസ്‌കാരം നടത്തി.വെള്ളപ്പൊക്കത്തെ തുടർന്ന് തുറവൂർ, കോടംതുരുത്ത്, പട്ടണക്കാട് പഞ്ചായത്തുകളിൽ ഒന്നു വീതം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി ചേർത്തല തഹസിൽദാർ അറിയിച്ചു.