fadnavis

ന്യൂഡൽഹി: 2014 ലെ തിരഞ്ഞെടുപ്പിൽ ക്രിമിനൽക്കേസുകളുടെ വിവരങ്ങൾ മറച്ചുവച്ച് നാമനിർദ്ദേശപത്രിക നൽകിയെന്ന പരാതിയിൽ മഹാരാഷ്ട്രയിലെ ബി.ജെ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഫഡ്‌നാവിസിനെതിരായ ഹർജിയിൽ വിധി പറഞ്ഞത്. ഫഡ്‌നാവിസിന്റെ നടപടി ജനപ്രാതിനിദ്ധ്യനിയമത്തിന്റെ ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പേരിൽ രജിസ്റ്റർ ചെയ്ത രണ്ട് ക്രിമിനൽക്കേസുകളുടെ വിവരങ്ങൾ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ മറച്ചുവച്ചത് ജനപ്രാതിനിധ്യ നിയമമനുസരിച്ച് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ സതീഷ് ഉക്കെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഫഡ്‌നാവിസിനെ വിചാരണ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നേരത്തേ ബോംബെ ഹൈക്കോടതിയിലും ഇക്കാര്യം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. വഞ്ചനാക്കുറ്റവും വ്യാജരേഖ നിർമിക്കലും ആരോപിച്ച് 1996ലും 1998ലുമാണ് ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്‌.

നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെയുള്ള സുപ്രീംകോടതി ഉത്തരവ് ഫഡ്‌നാവിസിന് തിരിച്ചടിയാണ്. ഈ മാസം 21 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഫട്നാവിസ് നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽനിന്നാണ് മത്സരിക്കുക. ഫട്നാവിസ് ഉൾപ്പെടെ 125 സ്ഥാനാർത്ഥികളെ ബി.ജെ.പി ഇന്നലെയാണ് പ്രഖ്യാപിച്ചത്.