ന്യൂഡൽഹി: അന്തരിച്ച മുൻകേന്ദ്രമന്ത്രി അരുൺ ജയ്‌റ്റ്ലിയുടെ പെൻഷൻ രാജ്യസഭയിലെ ഏറ്റവും അത്യാവശ്യക്കാരായ ജീവനക്കാർക്ക് നൽകണമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ജയ്റ്റ്‌ലിയുടെ കുടുംബം രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡുവിന് കത്തയച്ചു.
അരുൺ ജയ്‌റ്റ്ലിയുടെ പെൻഷൻ രണ്ട് പതിറ്റാണ്ടോളം സേവനം അനുഷ്ഠിച്ച രാജ്യസഭയിലെ ഏറ്റവും അത്യാവശ്യക്കാരായ ക്ലാസ് ഫോർ ജീവനക്കാർക്ക് നൽകണമെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ സംഗീത ജയ്‌റ്റ്ലിയുടെ കത്തിലെ ആവശ്യം. ജയ്‌റ്റ്ലിയും ഇതുതന്നെയാകും ആഗ്രഹിക്കുന്നതെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ജയ്റ്റ്‌ലി എല്ലായ്‌പ്പോഴും നിശബ്ദനായ ഒരു മനുഷ്യസ്‌നേഹിയായിരുന്നു. തന്റെ അദ്ധ്യാപകരുടെയും സഹപ്രവർത്തകരുടെയും ആശീർവാദങ്ങൾകൊണ്ടാണ് അഭിഭാഷകവൃത്തിയിലും രാഷ്ട്രീയത്തിലും തനിക്ക് വിജയിക്കാൻ സാധിച്ചതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ആരെയും സഹായിക്കാൻ അദ്ദേഹം മുന്നിൽ തന്നെയുണ്ടാകുമായിരുന്നെന്നും സംഗീതയുടെ കത്തിൽ പറയുന്നു.
കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിട്ടുണ്ട്. ആഗസ്റ്റ് 24നാണ് അരുൺ ജയ്‌റ്റ്ലി മരിച്ചത്. നാല് തവണ രാജ്യസഭാംഗമായിരുന്ന ജയ്‌റ്റ്ലി ധനകാര്യം ഉൾപ്പെടെ കേന്ദ്രമന്ത്രിസഭയിൽ സുപ്രധാനമായ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. എൻ.ഡി.എ കാലത്ത് രാജ്യസഭാ നേതാവും യു.പി.എ കാലത്ത് രാജ്യസഭാ പ്രതിപക്ഷ നേതാവും ആയിരുന്നു അരുൺ ജയ്‌റ്റ്ലി.