ന്യൂഡൽഹി:എസ്.എൻ.സി ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മൂന്നു പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരായ സി. ബി. ഐയുടെ അപ്പീൽ പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി.
അപ്പീലിൽ സത്യവാങ്മൂലം സമർപ്പിക്കാനും രേഖകൾ നൽകാനും കൂടുതൽ സമയം വേണമെന്ന മുൻ ഊർജ്ജ സെക്രട്ടറി കെ.മോഹനചന്ദ്രന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
കേസിൽ ക്രൈംനന്ദകുമാർ ഉൾപ്പെടെയുള്ള വ്യക്തികളെ കക്ഷി ചേർക്കുന്നതിനെ പിണറായി വിജയന്റെ അഭിഭാഷകൻ വി.ഗിരി എതിർത്തു. നന്ദകുമാറിന്റെ അപേക്ഷ ഹൈക്കോടതി തന്നെ തള്ളിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ തത്കാലം ഇടപെടുന്നില്ലെന്നും പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മുൻ ഊർജ്ജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കെ.എസ്.ഇ.ബി മുൻ ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ, മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവർ കേസിൽ വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിധിക്കെതിരെ ഇവരും കോടതിയെ സമീപിച്ചിട്ടുണ്ട്. പിണറായി ഉൾപ്പെടെയുള്ളവർ വിചാരണ നേരിടണമെന്നാണ് സി.ബി.ഐയുടെ ആവശ്യം.