ന്യൂഡൽഹി : ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹർജികൾ, കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ നാലാഴ്‌ച അനുവദിച്ചു കൊണ്ട് സുപ്രീംകോടതി നവംബർ 14ന് മാറ്റി. അതേസമയം, ജമ്മുകാശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ച ജമ്മുകാശ്‌മീർ പുനഃസംഘടനാ നിയമം ഒക്ടോബർ 31ന് പ്രാബല്യത്തിൽ വരും. എങ്കിലും പിന്നീട് ഹർജിക്കാർക്ക് അനുകൂലമായ വിധി ഉണ്ടായാൽ പുനഃസംഘടനാ നിയമം പുനഃപരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ടാവുമെന്ന് ജസ്റ്റിസ് എൻ.വി. രമണയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വ്യക്തമാക്കി.
ഹർജികളിൽ കേന്ദ്രം 28 ദിവസത്തികം വിശദീകരണം നൽകണം. അതിന് ഹർജിക്കാർ ഒരാഴ്‌ചയ്‌ക്കം മറുപടി നൽകണമെന്നും ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു.
ജമ്മു കാശ്‌മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയ കേന്ദ്ര തീരുമാനം നടപ്പാക്കുന്നത് നിറുത്തിവയ്ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ജമ്മുകാശ്‌മീർ പുനഃസംഘടനാ നിയമം ഒക്ടോബർ 31 മുതൽ നടപ്പാക്കുന്നത് തടയണമെന്ന ആവശ്യവും പരിഗണിച്ചില്ല. ഇതോടെ ജമ്മുകാശ്‌മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങൾ 31ന് നിലവിൽ വരും. അതിന് പിന്നാലെ ജമ്മുകാശ്‌മീരിന്റെയും ലഡാക്കിന്റെയും അതിർത്തി പുനർനിർണയിക്കും.
ജസ്റ്റിസുമാരായ എ.എസ് കൗൾ, ആർ. സുഭാഷ് റെഡ്ഡി, ബി.ആർ. ഗവായ്, സൂര്യ കാന്ത് എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
ഹർജികളിൽ എതിർ സത്യവാങ്മൂലം നൽകാൻ നാലാഴ്ചയാണ് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടത്. ജമ്മുകാശ്‌മീരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും നാലാഴ്ച തന്നെ ആവശ്യപ്പെട്ടു. രണ്ടും കോടതി അനുവദിച്ചു.
കൂടുതൽ സമയം അനുവദിക്കുന്നതിനെ ഹർജിക്കാരുടെ അഭിഭാഷകർ എതിർത്തു. സമയം നീട്ടി നൽകുമ്പോൾ ഹർജികളിൽ ഫലമില്ലാതാകുമെന്ന് അവർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
നാഷണൽ കോൺഫറൻസ് നേതാക്കളായ മുഹമ്മദ് അക്ബർ ലോൺ, ഹസനൈൻ മസൂദി എന്നിവർക്ക് പുറമെ ജമ്മുകാശ്‌മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാക്കളായ ഷാ ഫൈസൽ, ഷഹ്‌ല റാഷിദ്, അഭിഭാഷകരായ ഷാക്കിർ ഷബീർ, എം.എൽ. ശർമ, സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എന്നിവരുൾപ്പെടെ 12 ഹർജിക്കാരാണുള്ളത്. അഭിഭാഷകനായ എസ്.എൽ. ശർമയാണ് ആദ്യം ഹർജി നൽകിയത്.