ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സി.പി.എമ്മിന് ഇനി ഒരു മന്ദിരം കൂടി. സ്വാതന്ത്ര്യസമര പോരാട്ടത്തിലെ ഇതിഹാസവും കമ്യൂണിസ്റ്റ് നേതാവുമായ ഹർകിഷൻ സിംഗ് സുർജിത്തിന്റെ പേരിൽ രാജ്യതലസ്ഥാനത്ത് നിർമ്മിക്കുന്ന സുർജിത് ഭവനാണ് പുതിയ ആസ്ഥാനം. മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് നടക്കും. ഇന്ന് നടക്കുന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയോഗവും പുതിയ മന്ദിരത്തിലാകും നടക്കുക. ഡൽഹിയിൽ നടക്കുന്ന സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗങ്ങൾ സാധാരണ എ.കെ.ജി ഭവനിലാണ് നടക്കാറുള്ളത്.ചെറുപ്രായത്തിൽത്തന്നെ ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കെതിരായ പോരാട്ടത്തിൽ ഹർകിഷൻ സിംഗിന്റെ പങ്ക് മാനിച്ചാണ് ഗാന്ധിജയന്തിദിനത്തിൽ ഭവന്റെ ഉദ്ഘാടനം നടത്തുന്നതെന്നും സി.പി .എം. ജനറൽ സെക്രട്ടറി യെച്ചൂരി പറഞ്ഞു. രാജ്യമെമ്പാടുമുള്ള പാർട്ടി പ്രവർത്തകരും അനുഭാവികളും നൽകിയ സംഭാവന ഉപയോഗിച്ചാണ് മന്ദിരം നിർമ്മിച്ചത്. പഞ്ചാബ് ജലന്ധറിലെ ബുണ്ടാലയിൽ 1916ൽ ജനിച്ച സുർജിത് കൗമാരത്തിൽത്തന്നെ ദേശീയസ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. 16ാം വയസിൽ ഹോഷിയാർപുർ ജില്ലാ കോടതിയിൽ ത്രിവർണപതാക ഉയർത്തി.കർഷകരെ സംഘടിപ്പിച്ച അദ്ദേഹം ക്രമേണ കമ്യൂണിസ്റ്റുകാരനായി. ഏഴര പതിറ്റാണ്ട് നീണ്ട പൊതു രാഷ്ട്രീയ ജീവിതത്തിന് ഉടമയായിരുന്ന സുർജിത് 1992 മുതൽ 2005 വരെ സി.പി..എം. ജനറൽ സെക്രട്ടറിയായിരുന്നു. പാർട്ടി രൂപീകരണം മുതൽ 2008 ഏപ്രിലിൽ ചേർന്ന 19 ാം പാർട്ടി കോൺഗ്രസ് വരെ പൊളിറ്റ്ബ്യൂറോ അംഗമായിരുന്നു. 92ാം വയസിൽ 2008 ആഗസ്റ്റ് ഒന്നിനാണ് അന്തരിച്ചത്. കെട്ടിടത്തിന്റെ അങ്കണത്തിൽ സുർജിത്തിന്റെ പൂർണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. അഞ്ഞൂറ് പേർക്ക് ഇരിക്കാവുന്ന ആഡിറ്റോറിയവും 110 പേർക്ക് ഇരിക്കാവുന്ന ഹാളും മിനി കോൺഫറൻസ് ഹാളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് നിലകളിലായി ഡോർമെറ്ററികളിൽ 110 പേർക്ക് താമസിക്കാം. അഞ്ച് ഫ്ളാറ്റും ഏഴ് ഒറ്റമുറികളുമുണ്ട്.