ന്യൂഡൽഹി: ബന്ദിപ്പൂരിന് പകരം നിർദ്ദേശിച്ച ബദൽ പാതയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിദഗ്ദ്ധ സമിതി രൂപീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ബദലായി നിർദ്ദേശിച്ച തോൽപ്പെട്ടി - നാഗർ ഹോള പാതയും വിവിധ സ്ഥലങ്ങളിൽ വനത്തിലൂടെ കടന്നു പോകുമെന്നും ഭാവിയിൽ പരിസ്ഥിതി പ്രശ്നങ്ങളുയരാൻ ഇടയുണ്ടെന്നും മുഖ്യമന്ത്രി ധരിപ്പിച്ചപ്പോളാണ് സമിതിയെ നിയോഗിക്കാമെന്ന് ജാവദേക്കർ അറിയിച്ചത്. സമിതിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെടും.
കേരളത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അറിയാമെങ്കിലും സുപ്രീംകോടതി നിർദ്ദേശമുള്ളതിനാൽ ബന്ദിപ്പൂർ വിഷയത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. വിഷയം പഠിച്ച ശേഷം ഇത് സംബന്ധിച്ച കേന്ദ്രത്തിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിക്കും.
എലിവേറ്റഡ് പാതയില്ല
ബന്ദിപ്പൂരിലൂടെ എലിവേറ്റഡ് പാത നിർമ്മിക്കാനുള്ള പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചതായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. പാതയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ വിഹിതം ബഡ്ജറ്റിൽ വകയിരുത്തിയതാണ്. കേന്ദ്രത്തിന്റെ നിലപാടിൽ മാറ്റാൻ സംസ്ഥാനം തുടർന്നും സമ്മർദ്ദം ചെലുത്തും.
രാഹുൽ ഗാന്ധി മുഖ്യമന്ത്രിയെ കണ്ടു
ബന്ദിപ്പൂരിൽ ഗതാഗതം നിരോധിക്കാനുള്ള നീക്കം ചർച്ച ചെയ്യാൻ വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി. യൂത്ത് കോൺഗ്രസ് വയനാട്ടിൽ നടത്തുന്ന നിരാഹാര സമരത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ മുഖ്യമന്ത്രിയെ കാണാനെത്തിയത്.
പാത പൂർണമായി അടയ്ക്കരുതെന്ന് കർണാടകയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ അറിയിച്ചു. വിഷയത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ബന്ദിപ്പൂർ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും കേരള സർക്കാരിനോടൊപ്പം നിൽക്കുമെന്നും രാഹുൽ ഉറപ്പു നൽകി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.