supreme-court-india

ന്യൂഡൽഹി: രാജ്യത്തുടനീളം പ്രക്ഷോഭങ്ങൾക്കും അക്രമങ്ങൾക്കും 14 പേരുടെ മരണത്തിനും ഇടയാക്കിയ എസ്.സി, എസ്.ടി അതിക്രമം തടയൽ നിയമം ദുർബലമാക്കുന്ന നിർദ്ദേശങ്ങളടങ്ങിയ 2018 മാർച്ച് 20ലെ വിവാദ വിധി സുപ്രീംകോടതി റദ്ദാക്കി.

രാജ്യത്തിന്റെ പലഭാഗത്തും പിന്നാക്കവിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളും വിവേചനവും ഇപ്പോഴും തുടരുന്നുണ്ടെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ അരുൺമിശ്ര, എം.ആർ. ഷാ, ബി.ആർ. ഗവായ് എന്നിവരുടെ ബെഞ്ചിന്റെ സുപ്രധാന നടപടി. രണ്ടംഗ ബെ‌ഞ്ചിന്റെ വിധി ഇപ്പോൾ മൂന്നംഗ ബെ‌ഞ്ചാണ് റദ്ദാക്കിയത്.കേന്ദ്രസർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി കോടതി അനുവദിച്ചു. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർ ഈ നിയമം ദുരുപയോഗം ചെയ്യുമെന്ന അനുമാനം ശരിയല്ലെന്ന് വിധിന്യായത്തിൽ വ്യക്തമാക്കി. എല്ലാവരെയും നുണയന്മാരും വഞ്ചകരുമായി കാണുന്നത് മനുഷ്യന്റെ അന്തസിനെതിരാണ്. എല്ലാ പരാതിക്കാരെയും സംശയത്തോടെ കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് 2018 മാർച്ച് 20നാണ് 1989ലെ നിയമത്തിൽ ഭേദഗതിവരുത്തി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. മുംബയിലെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറായിരുന്ന സുഭാഷ് മഹാജനെതിരെ പട്ടികജാതി വിഭാഗ അതിക്രമം തടയൽ നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് വിവാദ ഉത്തരവിറക്കിയത്.

ഉത്തരവിനെതിരെ യു.പി, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ വൻ അക്രമസമരങ്ങൾ അരങ്ങേറിയതോടെ സുപ്രീംകോടതി വിധി മറികടന്ന് പാർലമെന്റ് ഭേദഗതി നിയമം പാസാക്കി. അതിനാൽ ഫലത്തിൽ ഈ നിർദ്ദേശങ്ങൾ അപ്രസക്തമാണ്.

റദ്ദാക്കിയ മാർഗനിർദ്ദേശങ്ങൾ

പട്ടികജാതി വിഭാഗക്കാരുടെ പരാതിയിൽ സർക്കാർ ജീവനക്കാരെ അറസ്റ്റ‌് ചെയ്യും മുമ്പ‌് മേലധികാരിയുടെ അനുമതി വാങ്ങണം

 സർക്കാർ ജീവനക്കാരല്ലാത്തവരാണെങ്കിൽ സീനിയർ പൊലീസ് സൂപ്രണ്ടിന്റെ അനുമതി വേണം

കേസെടുക്കും മുമ്പ‌് പ്രാഥമികാന്വേഷണം നടത്തണം

മുൻകൂർ ജാമ്യം അനുവദിക്കാൻ തടസമില്ല

 ഉത്തരവ് പാലിച്ചില്ലെങ്കിൽ അച്ചടക്കനടപടിയും കോടതിയലക്ഷ്യവും

വർഷം, തൊട്ടുകൂടായ്മ ഇപ്പോഴും
രാജ്യത്തിന്റെ പലഭാഗത്തും തൊട്ടുകൂടായ്മയും സാമൂഹികമായ അകറ്റി നിറുത്തലും ഇപ്പോഴുമുണ്ട്. സമത്വത്തിനും പൗരാവകാശത്തിനും വേണ്ടി പിന്നാക്ക വിഭാഗങ്ങൾ ഇന്നും പോരാട്ടത്തിലാണ്. സംവരണമുണ്ടായിട്ടും പലയിടത്തും വികസന നേട്ടങ്ങൾ അവരിലേക്കെത്തിയിട്ടില്ല. ഭരണഘടന തൊട്ടുകൂടായ്മ നിരോധിച്ചിട്ടുണ്ടെങ്കിലും 70 വർഷമായിട്ടും നിലനിൽക്കുകയാണ്. തോട്ടിപ്പണി ചെയ്യുന്നവർക്ക് ആധുനിക സംവിധാനങ്ങൾ നൽകാൻ കഴിഞ്ഞിട്ടില്ല. അവർക്ക് ഉന്നത വിഭാഗക്കാരുമായി ഹസ്തദാനം ചെയ്യാനാകുമോ? ജാതിരഹിത സമൂഹമാണ് അന്തിമമായ ലക്ഷ്യം. ഭരണഘടനാ നിർമ്മാതാക്കൾ പ്രതീക്ഷിച്ചപോലെ അതിക്രമം തടയൽ നിയമം, സംവരണം തുടങ്ങിയവ ആവശ്യമില്ലാത്ത വിവേചന രഹിതവും ജാതിരഹിതവുമായ ദിവസം വരുമെന്ന് പ്രതീക്ഷിക്കാം- ഉത്തരവിൽ പറയുന്നു.