ന്യൂഡൽഹി: കേരളത്തിലെ ദേശീയ പാതാവികസനത്തിന്റെ നടപടികൾ താമസിപ്പിച്ചതിന് ദേശീയ പാതാഅതോറിട്ടി ഉദ്യോഗസ്ഥരെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ അരമണിക്കൂർ നിറുത്തിപ്പൊരിച്ചു.
കഴിഞ്ഞ ജൂലായിൽ തീരുമാനിച്ച നടപടികൾ ഇഴയുന്നത് അറിയിക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. ജൂലായിലെ തീരുമാനങ്ങൾ നടപ്പാക്കാൻ ഒരു മുഖ്യമന്ത്രിക്ക് നാലു തവണ വരേണ്ടി വന്നത് തനിക്ക് നാണക്കേടാണെന്ന് ഗഡ്‌കരി ഉദ്യോഗസ്ഥരോട് പരുഷമായി പറഞ്ഞു.
ദേശീയപാതയ്‌ക്ക് ഭൂമി ഏറ്റെടുക്കുന്നതിന്റെ ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കാമെന്ന കരാറിന്റെ അനുമതി വൈകുന്നതായി ഗഡ്കരിയോട് മുഖ്യമന്ത്രി പരാതിപ്പെട്ടു.
ഉദ്യോഗസ്ഥരുടെ താത്പര്യം എന്താണെന്നും പലരും പണമുണ്ടാക്കുന്നതും തനിക്ക് അറിയാം. താൻ പഴയ നക്‌സൽ അനുഭാവിയാണ്. പഴയ സ്വഭാവം എടുപ്പിക്കരുത്. എല്ലാവരുടെയും മേൽ ബുൾഡോസർ കയറ്റി ഉഴുതു മറിക്കും. ചുവപ്പു നാട മാറ്റി പദ്ധതി നടപ്പാക്കാൻ തനിക്ക് അറിയാം - ഗഡ്കരി രൂക്ഷമായി പറഞ്ഞു
ഫയലുകൾ ഉടൻ നീക്കി നടപടിയെടുക്കാൻ നിർദ്ദേശിച്ച മന്ത്രി, പദ്ധതിക്ക് കേന്ദ്രം ഉടൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പു നൽകി. ദേശീയ പാതയ്‌ക്ക് ചെലവാകുന്ന 21,000 കോടിയുടെ 25 ശതമാനമായ 5000 കോടിയാണ് കേരളം നൽകുക.
മുഖ്യമന്ത്രി അറിയിച്ച മറ്റ് തീരുമാനങ്ങൾ
184 കിലോമീറ്റർ ദേശീയപാത നന്നാക്കാൻ കേരളം സമർപ്പിച്ച 175 കോടിയുടെ പദ്ധതിക്ക് അനുമതി.
കോഴിക്കോട് ബൈപ്പാസ് നിർമ്മാണത്തിന് കരാറുകാരെ നശ്ചയിക്കാനും തീരുമാനമായി. ഡിസംബറിൽ നിർമ്മാണ ഉദ്ഘാടനത്തിൽ ഗഡ്‌കരി പങ്കെടുക്കും.
കുതിരാൻ തുരങ്കം ഉടൻ പൂർത്തിയാക്കാൻ ഗഡ്‌കരി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. തുരങ്കത്തിന്റെ 82 ശതമാനം പൂർത്തിയായെന്ന് മുഖ്യമന്ത്രി ധരിപ്പിച്ചു.
സാഗർമാല പദ്ധതിയിൽ 11 തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നതിന്റെ ഡി.പി. ആർ നാഷണൽ ഹൈവേ അതോറിട്ടി തയ്യാറാക്കും.
കൊച്ചി മെട്രോയിൽ ചെക്ക് ഇൻ സൗകര്യം
കൊച്ചി മെട്രോയിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർക്ക് നെഹ്‌റു സ്‌റ്റേഡിയം സ്‌റ്റേഷനിൽ ചെക്ക് ഇൻ സൗകര്യം പരിഗണിക്കാമെന്ന് കേന്ദ്ര വ്യോമയാന നഗര വികസനകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി മുഖ്യമന്ത്രിയെ അറിയിച്ചു. നെഹ്‌റു സ്റ്റേഡിയം മുതൽ ഇൻഫോ പാർക്കു വരെയുള്ള 11.2 കിലോമീറ്റർ രണ്ടാം ഇടനാഴി പൊതുനിക്ഷേപ ബോർഡിലും കേന്ദ്ര കാബിനറ്റ് ചർച്ചയിലും ശുപാർശ ചെയ്യും.
കേരളത്തിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ തുടങ്ങാൻ സഹായം. കണ്ണൂർ എയർപോർട്ടിൽ നിന്ന് ഹജ്ജ് തീർത്ഥാടനം പരിഗണിക്കും. തിരുവനന്തപുരം എയർപോർട്ടിന്റെ നടത്തിപ്പ് സംസ്ഥാന സർക്കാരിനെ ഏല്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ആവർത്തിച്ചു. തീരുമാനമെടുക്കേണ്ടത് കേന്ദ്ര മന്ത്രിസഭയാണെന്ന് മന്ത്രി പറഞ്ഞു.