reta

ന്യൂഡൽഹി:ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ചിമ്പൻസി എന്ന ലിംക റെക്കോർഡിന്റെ ചിറകിലേറി റീത്ത യാത്രയായി. ഡൽഹി സുന്ദർ നഗറിലെ മൃഗശാലയിലെ റീത്ത ചിമ്പാൻസി 59ാം വയസിലാണ് ഇന്നലെ വൈകിട്ട് ചത്തത്. 50 വർഷമാണ് ഒരു ചിമ്പൻസിയുടെ ശരാശരി ആയുസ്.

പ്രായാധിക്യത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് റീത്ത ഏറെ നാളായി അവശതയിൽ ആയിരുന്നു. ജ്യൂസ്, തേങ്ങാവെള്ളം, പാൽ, ബദാം, എന്നിവ മാത്രമേ റീത്ത കഴിച്ചിരുന്നുള്ളൂ. ഇന്നലെ വൈകിട്ടോടെ അസുഖം കലശലാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

1960ൽ ആംസ്റ്റർഡാമിലാണ് റീത്ത ജനിച്ചത്. നാലു വയസുള്ളപ്പോഴാണ് ഇന്ത്യയിലെത്തിയത്. പെട്ടെന്നു ഇണങ്ങുന്ന റീത്തയുടെ പെരുമാറ്റം കാരണം മൃഗശാല അധികൃതരുടേയും സന്ദർശകരുടേയും ഇഷ്ടക്കാരിയായിരുന്നു റീത്ത. ലണ്ടനിലെ മൃഗശാലയിൽ വച്ച് റീത്ത നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. ഒന്ന് പോലും ജീവിച്ചിരിപ്പില്ല. 1985 മുതൽ 2006 വരെ പഞ്ചാബിലെ മൃഗശാലയിലും റീത്ത താമസിച്ചിട്ടുണ്ട്. റീത്തയുടെ 58 പിറന്നാൾ അതിഗംഭീരമായി ആഘോഷിച്ചതിന് പിന്നാലെയാണ് ലിംക ബുക്കിൽ ഇടം കണ്ടെത്താൻ മൃഗശാല അധികൃതർ ശ്രമം ആരംഭിച്ചത്. റീത്ത ലിംക ബുക്കിൽ കയറിയതോടെയാണ് ആ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ മൃഗശാലയായി ഡൽഹിയിലെ സുന്ദർനഗറിലുള്ള മൃഗശാല മാറിയത്.