ന്യൂഡൽഹി: ഗാന്ധിജിയും കസ്തൂർബ ഗാന്ധിയും സന്ദർശിച്ച പാലക്കാട് ശബരി ആശ്രമത്തിൽ സാംസ്‌കാരിക വകുപ്പ് അഞ്ചു കോടി രൂപ ചെലവിൽ ഒരുക്കുന്ന ഗാന്ധി സ്മൃതി മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം 21ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ഗാന്ധിജിയുടെ 150-ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.
2017 ഒക്ടോബർ രണ്ടിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ ഗാന്ധിജിയുടെ ചെറുമകൻ തുഷാർ ഗാന്ധി പങ്കെടുത്ത ഗാന്ധിജയന്തി ആഘോഷത്തോടെയാണ് സംസ്ഥാനത്ത് 150-ാം ജന്മവാർഷിക പരിപാടികൾക്ക് തുടക്കമായത്. കേരളത്തിന്റെ മുക്കിലും മൂലയിലും ഗാന്ധിസന്ദേശം എത്തിക്കാൻ മാറുന്ന സാഹചര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ഗോഡ്‌സെയെ തള്ളിപ്പറയണം
മഹാത്മജിയെ പുകഴ്‌ത്തിപ്പാടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോഡ്‌സെയെ തള്ളിപ്പറയാൻ കൂടി തയ്യാറാകണമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ഏറ്റവും കുറഞ്ഞത് ഗോഡ്‌സെയുടെ പ്രതിമകൾ സ്ഥാപിക്കുന്നതിന് വിലക്കെങ്കിലും ഏർപ്പെടുത്തണം. ഗാന്ധിജിയുടെ 150-ാം ജന്മവാർഷിക ദിനത്തിൽ ഡൽഹി കേരള ഹൗസിൽ ഗാന്ധിചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയെ ഇപ്പോൾ വലിയ പ്രചാരണായുധമാക്കുന്നവർ അദ്ദേഹം എന്തിനു വേണ്ടി നിലകൊണ്ടു എന്നോർക്കുന്നത് നല്ലതാണ്. പട്ടിക വിഭാഗ പീഡന നിരോധന നിയമത്തിൽ പുറപ്പെടുവിച്ച വിധിയിലെ ഹിതകരമല്ലാത്ത മൂന്ന് നിർദ്ദേശങ്ങൾ സുപ്രീംകോടതി പിൻവലിച്ചത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.