ന്യൂഡൽഹി:സംസ്ഥാനത്തിൻറെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഒൻപതുകാരൻ ഉൾപ്പെടെ 18 വയസിന് താഴെയുള്ല 144 കുട്ടികളെ അറസ്റ്റ് ചെയ്തതായി ജമ്മുകാശ്മീർ ഹൈക്കോടതി ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകി. പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് 5 മുതൽ സെപ്തംബർ 23വരെയുള്ല കണക്കാണിത്.
ഒൻപതുകാരനാണ്ഏറ്റവും പ്രായം കുറഞ്ഞത്. മിക്കവരെയും കസ്റ്റഡിയിലെടുത്ത ദിവസമോ അല്ലെങ്കിൽ കുറച്ചുദിവസം ഒബ്സർവേഷൻ ഹോമുകളിൽ പാർപ്പിച്ചശേഷമോ വിട്ടയച്ചു. കല്ലെറിയൽ പോലെയുള്ള പ്രശ്നങ്ങളുള്ള പ്രദേശങ്ങളിൽ നിന്ന് മുൻകരുതൽ നടപടി ചട്ടമുപയോഗിച്ചാണ് 86 കുട്ടികളെ കസ്റ്റഡിയിലെടുത്തത്. കല്ലെറിയൽ, പൊതു സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കൽ, കലാപമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് മറ്റുള്ള കുട്ടികൾക്കെതിരെയുള്ളത്.
ആഗസ്റ്റ് 5 മുതൽ ശ്രീനഗർ, ജമ്മു എന്നിവിടങ്ങളിൽ നിന്നുള്ള 46 കുട്ടികളെയാണ് ഒബ്സർവേഷൻ ഹോമുകളിൽ പാർപ്പിച്ചത്. ഇതിൽ ശ്രീനഗറിലെ 21ഉം ജമ്മുവിലെ നാലും കുട്ടികളെ ജാമ്യത്തിൽവിട്ടു. അന്വേഷണം പൂർത്തിയാകാത്തതിനാൽ ബാക്കി കുട്ടികൾ ഇപ്പോഴും ഒബ്സർവേഷൻ ഹോമുകളിലാണ്.
ജമ്മുകാശ്മീർ ഡി.ജി.പിയും ചൈൽഡ് പ്രോട്ടക്ഷൻ സൊസൈറ്റി മിഷൻ ഡയറ്കടറും നൽകിയ റിപ്പോർട്ടുകളാണ് ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി സുപ്രീംകോടതിയിൽ നൽകിയിരിക്കുന്നത്. ജമ്മുകാശ്മീരിൽ ഒരു കുട്ടിയെപോലും നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ലെന്നും വാർത്തകൾ തെറ്റാണെന്നുമാണ് ഡി.ജി.പിയുടെ റിപ്പോർട്ട്. ജുവൈനൽ ജസ്റ്റിസ് ബോർഡിൻറെ അനുമതിയോടെയാണ് ഒബ്സർവേഷൻ ഹോമുകളിൽ പാർപ്പിച്ചത്.ജുവൈനൽ നിയമപ്രകാരമുള്ള നടപടികൾ പാലിച്ചാണ് അറസ്റ്റെന്നും പൊലീസ് വിശദീകരിക്കുന്നു.
കുട്ടികളെ അനധികൃതമായി തടങ്കലിൽ വച്ചെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ ബാലാവകാശ വിദഗ്ദ്ധയായ എനാക്ഷി ഗാംഗുലി, ദേശീയ ബാലാവകാശ കമ്മിഷൻപ്രഥമ ചെയർപേഴ്‌സൺ പ്രൊഫ. ശാന്ത സിൻഹ എന്നിവരാണ് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്. ആരോപണത്തിൻറെ സത്യാവസ്ഥ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ജുവനൈൽ ജസ്റ്റിസ് കമ്മിറ്റിയോട് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് അലി മുഹമ്മദ് മാഗ്ര ചെയർമാനും ഡി.എസ് താക്കൂർ, സഞ്ജീവ് കുമാർ, റാഷിദ് അലി ദർ എന്നിവരുമടങ്ങിയ കമ്മിറ്റിയാണ് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.