surjit

ന്യൂഡൽഹി: മഹാത്മാഗാന്ധി എന്തിന് വേണ്ടിയാണോ പോരാടിയത് അത് മുഴുവൻ എതിർക്കുന്ന കോർപറേറ്റ് ഫാസിസ്റ്റ് സർക്കാരാണ് ഇപ്പോൾ രാജ്യത്തുള്ളതെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സ്വാതന്ത്ര്യസമര പോരാട്ടത്തിലെ ഇതിഹാസവും കമ്യൂണിസ്റ്റ് നേതാവുമായ ഹർകിഷൻ സിംഗ് സുർജിത്തിന്റെ പേരിൽ ഡൽഹിയിൽ നിർമ്മിച്ച സുർജിത് ഭവന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മുതിർന്ന പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയാണ് കേന്ദ്ര കമ്മിറ്റി അംഗങ്ങളുടേയും പോളിറ്റ്ബ്യൂറോയംഗങ്ങളുടേയും സാന്നിദ്ധ്യത്തിൽ ഹർകിഷൻ സിംഗ് സുർജിന്റെ പ്രതിമ അനാശ്ചാദനം ചെയ്തത്. ബിമൽ ബസു പതാക ഉയർത്തി. കേന്ദ്ര സർക്കാർ നൽകിയ സ്ഥലത്ത് ജനങ്ങളിൽ നിന്നും ലഭിച്ച പൈസ കൊണ്ടാണ് കെട്ടിടം നിർമ്മിച്ചതെന്ന് പറഞ്ഞ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, ഇതിനായി കേരള ഘടനം നൽകിയ പിന്തുണയെ പ്രത്യേകം എടുത്ത് പറഞ്ഞു.അടുത്ത വർഷത്തോടെ സുർജിത്ത് ഭവനിൽ ആരംഭിക്കുന്ന പഠനകേന്ദ്രം പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ഇന്ദ്രജിത്ത് ഗുപ്തയുടെ സ്മരണാർത്ഥം സുർജിത് ഭവന് മുന്നിലെ റോഡ് ഇനി മുതൽ ഇന്ദ്രജിത്ത് ഗുപ്ത മാർഗ് എന്ന് അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ പ്രത്യേക ക്ഷണിതാവായി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.കെ. ശൈലജ, എ.കെ. ബാലൻ, തോമസ് ഐസക്, എം.എ. ബേബി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കമ്യൂണിസ്റ്റ് നേതാക്കൾ പരിപാടിയുടെ ഭാഗമായി. ഡൽഹിയിൽ നടന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയോഗവും പുതിയ മന്ദിരത്തിലാണ് നടന്നത്.