sonia-gandhi

ന്യൂഡൽഹി: രാജ്യം പിന്തുടർന്നു വന്ന ഗാന്ധിമാർഗത്തിൽ നിന്ന് വ്യതിചലിച്ച് സ്വന്തം വഴിയിലൂടെ നടത്തിക്കാൻ ചിലർ ശ്രമം നടത്തുന്നതായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. ഗാന്ധിജിയെ മാറ്റി ഇന്ത്യയുടെ പ്രതീകമാകാനാണ് ആർ.എസ്.എസിന്റെ നീക്കം. ഗാന്ധിജിയുടെ ആത്മാവിനെ വേദനിപ്പിക്കുന്ന സംഭവങ്ങളാണ് അഞ്ചു വർഷമായി രാജ്യത്തു നടക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ഗാന്ധിജിയുടെ 150-ാം ജൻമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച ഗാന്ധി സന്ദേശ പദയാത്ര ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അവർ.

ഗാന്ധിമാർഗത്തിലൂടെ ചലിച്ചാണ് രാജ്യം ഇന്നത്തെ നിലയിൽ എത്തിയത്. ഗാന്ധിമാർഗത്തിലൂടെ സഞ്ചരിക്കുക എളുപ്പമല്ല. എന്നാൽ ചിലർ രാജ്യത്തെ അതിൽ നിന്ന് വ്യതിചലിപ്പിക്കാനുള്ള നീക്കത്തിലാണ്. അവർ ഗാന്ധിജിയുടെ പേരു പറഞ്ഞ് സ്വന്തം വഴിയിലൂടെ രാജ്യത്തെ കൊണ്ടുപോകാൻ ശ്രമിക്കുന്നു. കുറച്ചു വർഷങ്ങളായി സാമ,ദാമ, ദണ്ഡ, ഭേദ മാർഗത്തിലൂടെയാണ് അവരുടെ ശ്രമം. ഭാരതം എന്നത് ഗാന്ധിജിയുടെ മറ്റൊരു പര്യായമാണ്. ഇത് അട്ടിമറിക്കാനും ശ്രമമുണ്ട്. ഗാന്ധിജിയെ മാറ്റി ഇന്ത്യയുടെ പ്രതീകമാകാനാണ് ആർ.എസ്.എസിന്റെ നീക്കം. എന്നാൽ ഗാന്ധിജിയുടെ സർവ്വ സമാവേശ സംവിധാനമല്ലാതെ മറ്റൊന്നും ഉൾക്കൊള്ളാൻ രാജ്യത്തിന് കഴിയില്ലെന്ന് ഒാർക്കണം. അസത്യത്തിൽ ഊന്നിയുള്ള രാഷ്‌ട്രീയം കാഴ്‌ചവയ്‌ക്കുന്നവർക്ക് ഗാന്ധിസം സത്യത്തിന്റെ പ്രതീകമാണെന്ന് മനസിലാക്കാൻ കഴിയില്ല. കഴിഞ്ഞ അഞ്ചു വർഷത്തെ രാജ്യത്തിന്റെ അവസ്ഥ കണ്ട് ഗാന്ധിജിയുടെ ആത്മാവ് ദു:ഖിക്കുന്നുണ്ടാകും. കൃഷിയിൽ നിന്ന് ആദായമില്ലാത്ത കർഷകരുടെയും തൊഴിലില്ലാത്ത ചെറുപ്പക്കാരുടെയും അവസ്ഥ പരിതാപകരമാണ്.

ഗാന്ധിജി വെറുപ്പിന്റെ അല്ല സ്‌നേഹത്തിന്റെ പ്രതീകമാണെന്ന് സ്വയം രാജ്യത്തിന്റെ ഭാഗ്യവിധാതാക്കളെന്ന് വിശേഷിപ്പിക്കുന്നവർ മനസിലാക്കണമെന്നും ബി.ജെ.പിയെ പേരെടുത്ത് പറയാതെ സോണിയ വിമർശിച്ചു. ഗാന്ധിജിയുടെ സിദ്ധാന്തങ്ങൾ പിന്തുടരാൻ കോൺഗ്രസിന് മാത്രമെ കഴിയൂ എന്നും അവർ ചൂണ്ടിക്കാട്ടി. നൂറുകണക്കിന് പാർട്ടി പ്രവർത്തകർ രാവിലെ ദീൻദയാൽ ഉപാദ്ധ്യായ മാർഗിലെ ഡി.സി.സി ഓഫീസായ രാജീവ് ഭവനിൽ നിന്ന് മൂന്നുകിലോമീറ്റർ അകലെ രാജ്ഘട്ടിലെ ഗാന്ധിസമാധി വരെ നടത്തിയ പദയാത്രയ്‌ക്ക് രാഹുൽ ഗാന്ധിയാണ് നേതൃത്വം നൽകിയത്.

 ഗാന്ധിജയന്തി ആഘോഷിച്ച് ബി.ജെ.പി

ഗാന്ധിജിയുടെ 150-ാം ജൻമവാർഷികം ബി.ജെ.പിയും വിവിധ പരിപാടികളോടെ ആഘോഷിച്ചു. പാർട്ടിയുടെ ഗാന്ധി സങ്കൽപ് യാത്ര ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ഫ്ളാഗ് ഒാഫ് ചെയ്‌തു. നാലു മാസം നീളുന്ന പരിപാടിയിൽ ഭാഗമായി കേന്ദ്രമന്ത്രിമാരും നേതാക്കളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗാന്ധിജിയുടെ ആദർശങ്ങൾ, ലാളിത്യം, സ്വച്‌ഛ്‌ഭാരത്, ഖാദിവസ്‌ത്രങ്ങളുടെ ഉപയോഗം, അഹിംസ തുടങ്ങിയവയുടെ പ്രചാരണം നടത്തും. ഇന്നലെ രാവിലെ ഗാന്ധി സമാധിയായ രാജ്ഘട്ടിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അദ്ധ്യക്ഷൻ സോണിയാ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, ഹർഷവർദ്ധൻ, വി. മുരളീധരൻ, മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് തുടങ്ങിയവർ പുഷ്‌പാഞ്ജലി അർപ്പിച്ചു.

 ഫിറ്റ് ഇന്ത്യ പ്ളോഗ്

കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ഫിറ്റ് ഇന്ത്യാ പ്ളോഗ് റണ്ണിന്റെ പ്രചാരണത്തിനായി കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു ഡൽഹിയിൽ സൈക്കിളിൽ സഞ്ചരിച്ചു. ഓട്ടത്തിനിടെ പരിസരത്തുള്ള പ്ളാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ശേഖരിച്ച് പരിസര ശുചിത്വം ഉറപ്പാക്കുന്നതാണ് പരിപാടി. ഗാന്ധിജിയുടെ 150-ാം വാർഷികത്തിന്റെ ഭാഗമായി രാജ്യത്ത് 1500 സ്ഥലങ്ങളിൽ ഫിറ്റ് ഇന്ത്യാ പ്ളോഗ് റൺ സംഘടിപ്പിക്കുന്നുണ്ട്.