ന്യൂഡൽഹി: കണ്ണൂർ എയർപോർട്ടിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയുമായി കൂടിക്കാഴ്‌ച നടത്തി. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങൾക്കു പുറമെ കണ്ണൂരിലും ഹജ്ജ് യാത്രാ സൗകര്യം ഏർപ്പെടുത്തിയാൽ തമിഴ്നാട്ടിലെയും കർണാടകയിലെയും തീർത്ഥാടകർക്കും പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദ്ദീപ് സിംഗ് പുരിയുമായും വിഷയം ചർച്ച ചെയ്‌തു. 5000ലേറെ തീർത്ഥാടകർക്ക് പ്രയോജനം ലഭിക്കും.
കൂടുതൽ ഗുണഭോക്താക്കളെയും കൂടുതൽ പ്രദേശത്തെയും ഉൾപ്പെടുത്തി ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ജൻ വികാസ് പദ്ധതി കേരളം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നഖ്‌വി പറഞ്ഞു. മുൻപ് മലപ്പുറം ജില്ലയിൽ മാത്രമായിരുന്ന പദ്ധതി ഇപ്പോൾ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു. സംസ്ഥാന സർക്കാർ ഒക്ടോബർ 31നകം പദ്ധതി നിർദ്ദേശം സമർപ്പിക്കണം. കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, കേരള ഹൗസ് റസിഡന്റ് കമ്മിഷണർ പുനീത് കുമാർ, കിയാൽ സ്‌പെഷ്യൽ ഓഫീസർ വിജയകുമാർ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.