modi

സബർമതി: ഇന്ത്യൻ ഗ്രാമങ്ങളെ വെളിയിട വിസർജ്ജ്യ വിമുക്തമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഗാന്ധിജിയുടെ 150-ാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ഗുജറാത്തിലെ സബർമതി നദീ തീരത്ത് 20,000 ഗ്രാമസർപഞ്ചുമാർ പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രഖ്യാപനം.

2014ൽ അധികാരത്തിൽ എത്തിയപ്പോൾ അവതരിപ്പിച്ച സ്വച്ഛ്‌ഭാരത് പദ്ധതിയിൽ രാജ്യമെമ്പാടും 60 മാസത്തിനുള്ളിൽ 60 കോടി ജനങ്ങൾക്ക് 11 കോടിയിലധികം ശൗചാലയങ്ങൾ നിർമ്മിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

2014 ഒക്‌ടോബറിൽ 38.7 ശതമാനം മാത്രമായിരുന്നു ഇന്ത്യൻ ഗ്രാമങ്ങളിലെ ശൗചാലയങ്ങളെങ്കിൽ അഞ്ചു വർഷത്തിനുള്ളിൽ അവയുടെ എണ്ണം 98 ശതമാനമായി വർദ്ധിപ്പിച്ചു. 27 സംസ്ഥാനങ്ങളിലെ 601 ജില്ലകളും 5,934 ബ്ളോക്കുകളും 2,46,116 ഗ്രാമ പഞ്ചായത്തുകളും 5,50,151 ഗ്രാമങ്ങളും വെളിയിട വിസർജ്ജ്യ വിമുക്തമാക്കിയിരുന്നു.

കോടിക്കണക്കിന് അമ്മമാർക്കും സഹോദരിമാർക്കും ആരോഗ്യം ഉറപ്പു നൽകുന്നതിലുള്ള സന്തോഷമാണ് തനിക്കെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശൗചാലയങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. മടിച്ചു നിൽക്കുന്നവരെ ഉപയോഗിക്കാൻ നിർബന്ധിക്കും. ഇക്കാര്യത്തിൽ ജനങ്ങളുടെ പങ്കാളിത്തം വേണം. ജനങ്ങൾ ആരോഗ്യമുള്ളവരാകണമെന്ന ഗാന്ധിജിയുടെ സ്വപ്‌നം സാക്ഷാത്‌ക്കരിക്കാനാണ് സ്വച്‌ഛഭാരത് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. വെളിയിട വിസർജ്ജ്യ വിമുക്ത പ്രഖ്യാപനം രാജ്യത്തെ 130 കോടി ജനങ്ങളുടെ നേട്ടമാണ്. പദ്ധതിക്ക് പരമാവധി പ്രചാരണം നൽകിയതിന് മാദ്ധ്യമങ്ങൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

ഇനി പ്ലാസ്റ്റിക് ഉന്മൂലനം

ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ളാസ്‌റ്റിക്കിൽ നിന്ന് 2022ൽ ഇന്ത്യയെ വിമുക്തമാക്കുകയാണ് അടുത്ത ലക്ഷ്യം. ബോധവത്ക്കരണത്തിലൂടെ പ്ളാസ്‌‌റ്റിക് ഉപയോഗം കുറച്ചിട്ടുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കാനും അഴുക്കുചാലുകൾ സുഗമമായി പ്രവർത്തിക്കാനും മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും പ്ളാസ്‌റ്റിക് ഉപയോഗം കുറയ്‌ക്കണം. സ്വച്‌ഛഭാരത് പദ്ധതി മറ്റു രാജ്യങ്ങൾ മാതൃകയാക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിജിയുടെ 150-ാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി 150 രൂപയുടെ നാണയം ചടങ്ങിൽ പ്രധാനമന്ത്രി പുറത്തിറക്കി. സ്വച്ഛ്‌ഭാരത് പുരസ്‌കാരങ്ങളും വിതരണം ചെയ്‌തു. നേരത്തേ സബർമതി ആശ്രമം അദ്ദേഹം സന്ദർശിച്ചു.