ന്യൂഡൽഹി:ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ ജാമ്യം തേടി മുൻകേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു. ഡൽഹി ഹൈകോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ചിദംബരത്തിൻെറ നീക്കം. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ചിദംബരത്തിനായി ഹർജി സമർപ്പിച്ചത്.ഹർജി അതിവേഗം പരിഗണിക്കണമെന്ന് സിബൽ സുപ്രീകോടതിയോട് അഭ്യർത്ഥിച്ചു. ജസ്റ്റിസ് എൻ.വി രമണയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചിന് മുമ്പാകെയാണ് ഹർജി അതിവേഗം പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയിയായിരിക്കും ഹർജി ലിസ്റ്റ് ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
നേരത്തെ ചിദംബരത്തിന് ജാമ്യം നൽകുന്നതിനെ സി.ബി.ഐ എതിർത്തിരുന്നു. അതേസമയം, ഏഴ് വർഷം മാത്രം ശിക്ഷ ലഭിക്കുന്നതിനുള്ള കുറ്റങ്ങളാണ് ചിദംബരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തിന് ജാമ്യത്തിന് അർഹതയുണ്ടെന്നുമാണ് ചിദംബരത്തിൻെറ അഭിഭാഷകൻെറ വാദം.കഴിഞ്ഞ 21നു രാത്രിയാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. വിചാരണക്കോടതിയുടെ ഉത്തരവനുസരിച്ച് ഈ മാസം 19 വരെയാണ് ചിദംബരം തിഹാർ ജയിലിൽ കഴിയേണ്ടത്.
വീട്ടിലെ ഭക്ഷണം കഴിക്കാം
തിഹാർ ജയിലിൽ കഴിയുന്ന പി.ചിദംബരത്തിന്റെ ജുഡിഷ്യൽ കസ്റ്റഡി ഈ മാസം 17വരെ നീട്ടി. വീട്ടിലുണ്ടാക്കിയ ഭക്ഷണം ദിവസത്തിൽ ഒരു തവണ ചിദംബരത്തിന് നൽകാൻ അനുമതി നൽകി. ഡൽഹി റോസ് അവന്യു സ്പെഷൽ സി.ബി.ഐ കോടതിയുടേതാണ് നടപടി. വീട്ടിലുണ്ടാക്കിയ ഭക്ഷണം നൽകുന്നതിൽ എതിർപ്പില്ലെന്ന് സി.ബി.ഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കഴിഞ്ഞദിവസം ഡൽഹി ഹൈക്കോടതി ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സെപ്തംബർ 5 മുതൽ ജുഡിഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലാണ്.