ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ തൻറെ നിരപരാധിത്വം തെളിയിക്കാൻ മെമ്മറികാർഡിലെ ദൃശ്യങ്ങളുടെ ക്ലോൺ പകർപ്പ് വേണമെന്ന് പ്രതിയായ നടൻ ദീലിപ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ട്. ദൃശ്യങ്ങൾ രേഖയാണ്. രേഖ ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ട്. ദൃശ്യങ്ങളിലുള്ള സ്ത്രീ ശബ്ദത്തിൽ കൃത്രിമം നടന്നിട്ടുണ്ട്.സ്വന്തംനിലയിൽ ദൃശ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കേണ്ടതുണ്ട്.ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുമെന്നാണ് നടിയുടെ വാദം. എന്നാൽ അങ്ങനെ ചെയ്താൽ അതിനെതിരെ നടപടിയെടുക്കാനുള്ള നിയമം നിലവിലുണ്ട്. മെമ്മറികാർഡിലെ ഉള്ളടക്കത്തിൻറെ പകർപ്പെടുക്കേണ്ടത് സി.ഡാക് പോലുള്ള സ്വതന്ത്ര ഏജൻസിയായിരിക്കണം. ദൃശ്യങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യും. അഭിഭാഷകനും വിദഗ്ധനുമല്ലാതെ മറ്റാരെയും ദൃശ്യങ്ങൾ കാണിക്കില്ല. വിചാരണ കഴിഞ്ഞാൽ പകർപ്പ് സെഷൻസ് കോടതിക്ക് കൈമാറുമെന്നും ദിലീപ് എഴുതി നൽകിയ വാദത്തിൽ വ്യക്തമാക്കി.
മെമ്മറികാർഡിൻറെ പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലീപിൻറെ ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. മെമ്മറികാർഡ് തൊണ്ടിമുതലാണെങ്കിലും അതിലെ ദൃശ്യങ്ങൾ രേഖയാണെന്ന് സംസ്ഥാനസർക്കാർ കോടതിയിൽ പറഞ്ഞിരുന്നു. നടിയുടെ സ്വകാര്യത മാനിച്ച് പ്രതിക്ക് ദൃശ്യങ്ങളുടെ പകർപ്പ് കൈമാറരുതെന്നമാണ് സർക്കാർ നിലപാട്.കേസിൽ കക്ഷിചേർന്ന ആക്രമിക്കപ്പെട്ട നടി ദൃശ്യങ്ങൾ നൽകുന്നതി ശക്തമായി എതിർത്തിരുന്നു.
നടിയെ ആക്രമിക്കുമ്പോൾ ഓടുന്ന വാഹനത്തിൽ വച്ച് ഒന്നാംപ്രതി പൾസർ സുനി മൊബൈലിൽ പകർത്തിയതാണ് ദൃശ്യങ്ങളെന്നാണ് പൊലീസ് വാദം. ദൃശ്യങ്ങൾ വേണമെന്ന ആവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയതോടെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹർജിയിൽ തീർപ്പുണ്ടാകുന്നത് വരെ കേസിന്റെ വിചാരണ സ്റ്റേ ചെയ്തിരിക്കുകയാണ്.