ന്യൂഡൽഹി:ആൾക്കൂട്ട ആക്രമണങ്ങളിലും മതത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളിലും ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അടക്കം 50 സാംസ്‌കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ബീഹാർ പൊലീസ് കേസെടുത്തു. മണിരത്നം, അപർണാസെൻ, ശ്യാം ബെനഗൽ, രാമചന്ദ്ര ഗുഹ, അനുരാഗ് കശ്യപ് തുടങ്ങിയവരും സദർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളാണ്.
അഭിഭാഷകനും ഹിന്ദു മഹാസഭാ നേതാവുമായ സുധീർകുമാർ ഓജയുടെ പരാതിയിൽ കേസെടുക്കാൻ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് സുര്യകാന്ത് തിവാരി ആഗസ്റ്റ് 20നാണ് ഉത്തരവിട്ടത്. സമൂഹത്തിന് ദ്രോഹം ചെയ്യൽ, മതവികാരം വ്രണപ്പെടുത്തൽ, സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജൂലായ് 23നാണ് അടൂരും മറ്റും സംയുക്തമായി പ്രധാനമന്ത്രിക്ക് കത്തയച്ചത്. രാജ്യത്ത് അടിക്കടി ഉണ്ടാകുന്ന നിരവധി സംഭവങ്ങളിൽ സമാധാനകാംക്ഷികളായ തങ്ങൾ ആശങ്ക രേഖപ്പെടുത്തുന്നു. മുസ്ലിങ്ങൾക്കും ദളിതർക്കും എതിരെ വർദ്ധിച്ചുവരുന്ന ആക്രമണം അവസാനിപ്പിക്കാൻ നടപടി വേണം. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്ന തരത്തിലാണ് ജയ് ശ്രീറാം മുദ്രാവാക്യം ഉയർത്തുന്നത്. രാമനെ ഇത്തരത്തിൽ അക്രമികൾ ഉപയോഗിക്കുന്നത് തടയാൻ പ്രധാനമന്ത്രി ഇടപെടണമെന്നുമായിരുന്നു തുറന്ന കത്തിൽ ആവശ്യപ്പെട്ടത്.
കത്തിൽ ഒപ്പിട്ടതിന് അടൂരിനെതിരെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ രംഗത്തുവന്നിരുന്നു. അടൂർ ചന്ദ്രനിലേക്ക് പോകട്ടെയെന്നായിരുന്നു വിമർശനം.
'പ്രധാനമന്ത്രിക്കെതിരെയോ സർക്കാരിനെതിരെയോ ശബ്ദിച്ചാൽ ജയിലിൽ അടയ്ക്കുകയോ ആക്രമിക്കുകയോ ചെയ്യുന്ന അവസ്ഥയാണ്. രാജ്യത്ത് നടക്കുന്നത് എന്താണെന്ന് എല്ലാവർക്കും അറിയാം".
- രാഹുൽ ഗാന്ധി