ന്യൂഡൽഹി: കേരളത്തിൽ ചാരായ നിരോധനം മൂലം തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ബിവറേജസ്‌ കോർപ്പറേഷനിൽ താത്കാലിക നിയമനം നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

താത്‌കാലിക തൊഴിലവസരങ്ങളിൽ 25 ശതമാനം ചാരായ തൊഴിലാളികൾക്ക് നൽകുമെന്ന 2002ലെ സർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന ഹൈക്കോടതി വിധി റദ്ദാക്കി. സംസ്ഥാന സർക്കാരിന്റെ അപ്പീൽ അനുവദിച്ചാണ് എൽ.നാഗേശ്വരറാവു അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധി.

ചാരായ നിരോധനം മൂലം തൊഴിൽ നഷ്ടപ്പെട്ട എല്ലാ തൊഴിലാളികൾക്കും ജോലി നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ബിവറേജസ് കോർപ്പറേഷനിൽ ഭാവിയിലുണ്ടാകുന്ന ദിവസവേതന ഒഴിവുകളിൽ 25 ശതമാനം നൽകാമെന്നാണ് സർക്കാർ അറിയിച്ചത്. അതിനാൽ എല്ലാ തൊഴിലാളികൾക്കും ജോലി അവകാശപ്പെടാനാകില്ല. തൊഴിലാളികളുടെ എണ്ണക്കൂടുതലും ഒഴിവുകളുടെ കുറവും എന്ന പ്രായോഗിക ബുദ്ധിമുട്ട് കൊണ്ടാണ് 2004ൽ സർക്കാർ ഉത്തരവ് ഭേദഗതി ചെയ്തത്. സർക്കാരിന് നയപരമായ തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്. ചാരായ നിരോധനത്തിന് ശേഷം മരിച്ച തൊഴിലാളികളുടെ ആൺമക്കളിൽ 265 പേർക്ക് സർക്കാർ ജോലി നൽകിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

1996ലാണ് സംസ്ഥാനത്ത് ചാരായം നിരോധിച്ചത്. ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് 30000 രൂപ നഷ്ടപരിഹാരവും 2000 രൂപ. എക്സ് ഗ്രേഷ്യയും നൽകി. തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് ബിവറേജ് കോർപറേഷനിൽ ഭാവിയിലുണ്ടാകുന്ന താത്കാലിക ദിവസവേതന ഒഴിവുകളിൽ 25ശതമാനം ചാരായതൊഴിലാളികൾക്ക് നൽകാമെന്ന് വ്യക്തമാക്കി 2002ൽ സർക്കാർ ഉത്തരവിറക്കി. 2004ൽ ഇത് മരിച്ചുപോയ തൊഴിലാളികളുടെ 38 വയസ് കഴിയാത്ത ആൺമക്കൾക്ക് എന്നാക്കി ഭേദഗതി ചെയ്തു. 2009 മുതൽ ബിവറേജ് കോർപറേഷനിലെ നിയമനങ്ങൾ സർക്കാർ പി.എസ്.സിക്ക് വിട്ടു. എന്നാൽ നിയമനം ലഭിക്കാത്തത് ചൂണ്ടിക്കാട്ടി ചാരായ തൊഴിലാളികൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടുകയായിരുന്നു. തുടർന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

2002 ലെ ഉത്തരവ് ഭേദഗതി ചെയ്തത് പൊതുതാത്പര്യാർത്ഥമെന്നായിരുന്നു സർക്കാരിന്റെ വാദം. കുറഞ്ഞ ഒഴിവുകൾ മാത്രമേ കോർപറേഷനിലുള്ളൂ. അതിൽ 12500 തൊഴിലാളികൾക്ക് ജോലി നൽകുക പ്രായോഗികമല്ല. 2002ൽ ദിവസവേതന ഒഴിവുകൾ 51 മാത്രമായിരുന്നു. തുടർന്നാണ് വിശദമായ കൂടിയാലോചനകൾക്ക് ശേഷം, മരിച്ച തൊഴിലാളികളുടെ ആൺ മക്കൾക്ക് എന്ന് ഭേദഗതി വരുത്തി 2004ൽ ഉത്തരവിറക്കിയത്. ഇതിൻറെ അടിസ്ഥാനത്തിൽ 265 പേരെ കണ്ടെത്തി ജോലി നൽകി. 20 വർഷത്തിന് മുൻപ് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഇപ്പോൾ നിയമനം നൽകുന്നത് അർഹരായ മറ്റുള്ള ഉദ്യോഗാർത്ഥികളുടെ അവസരം ഹനിക്കലാണെന്നാണ് സർക്കാരിന്റെ വാദം.