fund-for-esi-hospital

ന്യൂഡൽഹി: കേരളത്തിലെ ഇ.എസ്.ഐ ആശുപത്രികളിൽ കീമോതെറാപ്പി, ഡയാലിസിസ് യൂണിറ്റുകൾ അടക്കം സ്ഥാപിച്ച് ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള 10,17,68,550 രൂപയുടെ പ്രോജക്‌ട് ഇംപ്ളിമെന്റേഷൻ പദ്ധതിക്ക് ഡൽഹിയിൽ ചേർന്ന ഇ.എസ്.ഐ സ്‌റ്റാൻഡിംഗ് കമ്മിറ്റി അംഗീകാരം നൽകി.

കോഴിക്കോട് ചാലപ്പുറത്ത് ഇ.എസ്.ഐ സമുച്ചയം നിർമ്മിക്കും. പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിൽ മരുന്നു പരിശോധനാകേന്ദ്രം തുടങ്ങും. തൃശൂർ മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ ആശുപത്രിയിലാണ് 146.16 ലക്ഷം രൂപ ചെലവിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുക. മലബാർ മേഖലയിൽ നിന്നടക്കമുള്ള ഇ.എസ്.ഐ തൊഴിലാളികൾക്ക് ഇതു പ്രയോജനപ്പെടും. തൃശൂർ ഒളരിക്കര ഇ.എസ്.ഐ ആശുപത്രിയിൽ 28.35 ലക്ഷം രൂപ ചെലവിൽ കീമോതെറാപ്പി യൂണിറ്റും സ്ഥാപിക്കും.

പദ്ധതി പ്രകാരം 4.80 കോടി ചെലവിൽ കേരളത്തിലെ 9 ഇ.എസ്.ഐ ആശുപത്രികളിൽ ലെവൽ വൺ ഐ.സി.യു തുടങ്ങും. വിവിധ ആശുപത്രികളിലേക്കുള്ള ലാപ്രോസ്‌കോപ്പി യൂണിറ്റ്, എൻ.എസ്.ടി മെഷീൻ, ഓട്ടോക്ളേവ്, ഒാപ്പറേഷൻ ടേബിൾ, അനസ്‌തേഷ്യാ വർക്കിംഗ് സ്‌റ്റേഷൻ എന്നിവയും പദ്ധതിയിലുണ്ട്. കോഴിക്കോട്ട് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇ.എസ്.ഐ ഡിസ്‌പെൻസറി, ബ്രാഞ്ച് ഒാഫീസ്, റീജിയണൽ ഡെപ്യൂട്ടി ഡയറക്‌ടർ ഒാഫീസ്, സബ് റീജിയണൽ ഓഫീസ്, സ്‌റ്റോർ എന്നിവയ്‌ക്കായി ചാലപ്പുറത്ത് ഇ.എസ്.ഐ മന്ദിരം പണിയും. പഴയ കെട്ടിടം നിന്ന സ്ഥലത്താണിത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനായിരിക്കും നിർമ്മാണ ചുമതല.

ചികിത്സയ്‌ക്കായി അവധിയിൽ കഴിയുമ്പോഴുള്ള കാലയളവിൽ ഹാജർ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം കമ്മിറ്റി ചർച്ച ചെയ്‌തതായി യോഗത്തിൽ പങ്കെടുത്ത ഇ.എസ്.ഐ സ്‌റ്റാൻഡിംഗ് കമ്മിറ്റി അംഗമായ വി. രാധാകൃഷ്‌ണൻ പറഞ്ഞു. ഇ.എസ്.ഐ തൊഴിലാളികൾക്ക് സൂപ്പർസ്‌പെഷ്യാലിറ്റി ചികിത്സ ലഭിക്കാൻ മാനദണ്ഡങ്ങളും ഉപാധികളും ഒഴിവാക്കണമെന്ന ഡൽഹി ഹൈക്കോടതി വിധി നടപ്പാക്കണമെന്ന ആവശ്യവും ചർച്ചയായി. കേരളത്തിൽ ഇ.എസ്.ഐ ഫണ്ടിൽ നിന്ന് വകമാറ്റി ചെലവഴിക്കുന്നത് തടയാനും തൊഴിലാളികൾക്കുള്ള ചികിത്സാ റീഇംബേഴ്സ്‌മെന്റ് തുക ഒരു മാസത്തിനുള്ളിൽ നൽകാനും നടപടിയുണ്ടാകും. ഇ.എസ്.ഐ ഡിസ്‌പെൻസറികളുടെ പോരായ്‌മകൾ പരിഹരിക്കാൻ കേന്ദ്രമെഡിക്കൽ സംഘം സന്ദർശനം നടത്തും.