ന്യൂഡൽഹി :എയിംസ് ഉൾപ്പെടെ രാജ്യത്തെ എല്ലാ സർക്കാർ-സ്വകാര്യ മെഡിക്കൽ കോളേജുകളിലെയും എം.ബി.ബി.എസ് പ്രവേശനത്തിന് അടുത്ത അദ്ധ്യയന വ‌ർഷം മുതൽ ഒറ്റ പരീക്ഷ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം. ദേശീയ മെഡിക്കൽ കമ്മിഷൻ നിയമത്തിലെ വ്യവസ്ഥ പ്രകാരമാണിത്.

എം.ബി.ബി.എസ് പ്രവേശനത്തിന് നിലവിൽ നീറ്റിന് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ) പുറമേ എയിംസ് , ജിപ്മെർ തുടങ്ങി സ്വകാര്യ കോളേജുകളിലേക്കും സ‌‌ർവകലാശാലകളിലേക്കുമടക്കം വെവ്വേറെ നടത്തിവരുന്നുണ്ട്. വിദ്യാർത്ഥികൾക്ക് കഴിവിന്റെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കാനും ഏകീകരിച്ച ഫീസ് സമ്പ്രദായം നടപ്പിലാക്കാനും ഒറ്റ പ്രവേശന പരീക്ഷയാണ് അനുയോജ്യമെന്ന് .കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ സ്ഥിരീകരിച്ചു.

കഴിഞ്ഞ വർഷം രണ്ട് ലക്ഷം വിദ്യാർത്ഥികളാണ് എയിംസ് എം.ബി.ബി.എസിന് രജിസ്റ്റർ ചെയ്‌തത്. ജിപ്മെർ എം.ബി.ബി.എസ് പരീക്ഷ എഴുതിയത് 1.4 ലക്ഷം വിദ്യാർത്ഥികളും. സ്പോർട്സ് അടക്കം വിവിധ സംവരണ സീറ്റുകളിൽ ഇടം നേടുന്ന വിദ്യാർത്ഥികളുടെ ലിസ്റ്റ് കൈകാര്യം ചെയ്യുക അതാത് സംസ്ഥാനങ്ങളാണ്. സ്വകാര്യ മെഡിക്കൽ കോളജുകളിലെ 50 ശതമാനം സീറ്റിൽ . ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശിക്കുന്ന ഫീസ് ഈടാക്കാനാണ് പുതിയ നിയമത്തിലെ വ്യവസ്ഥ

2020ലെ എം.ബി.ബി.എസ് പ്രവേശനത്തിനുള്ള നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ) പരീക്ഷയ്‌ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഡിസംബർ 2ന് ആരംഭിക്കും.ഡിസംബർ 31ന് അവസാനിക്കും. 2020 മാർച്ച് 27 മുതൽ അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. മേയ് 3നാണ് പരീക്ഷ.