ന്യൂഡൽഹി: പാർട്ടി സംസ്ഥാന കമ്മിറ്റിയിലെയും കേന്ദ്രകമ്മിറ്റിയിലെയും അംഗങ്ങൾക്ക് പ്രായപരിധി നിശ്ചയിക്കാൻ സി.പി.എം ആലോചിക്കുന്നു..നേതൃനിരയിലേക്ക് കൂടുതൽ യുവജനങ്ങളെ കൊണ്ടുവരുകയാണ് ലക്ഷ്യം.
സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് 60 വയസ്സും കേന്ദ്രകമ്മിറ്റി അംഗങ്ങൾക്ക് 75 വയസ്സും പ്രായപരിധി വയ്ക്കാനാണ് ആലോചന. നിലവിൽ ,കേന്ദ്രകമ്മിറ്റിയിലും പോളിറ്റ്ബ്യൂറോയിലും അനൗദ്യോഗികമായി 80 വയസ് പരിധിയുണ്ട്. ഇതിൽ 80 പിന്നിട്ട എസ്.രാമചന്ദ്രൻപിള്ളയ്ക്ക് ഇളവ് നൽകിയിരുന്നു. അതേസമയം മുതിർന്ന അംഗങ്ങളുടെ അനുഭവസമ്പത്തും സേവനവും എങ്ങനെ ഉപയോഗപ്പെടുത്തണമെന്നതിലും ചർച്ച നടത്തും.
ലോക് സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ അടിസ്ഥാനത്തിൽ ,കൊൽക്കത്ത പ്ലീനം തീരുമാനങ്ങൾ എത്രത്തോളം നടപ്പാക്കിയെന്നത് പരിശോധിക്കാൻ സി.പി.എം തീരുമാനിച്ചിരുന്നു. കൂടുതൽ യുവാക്കളെ നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരണമെന്നായിരുന്നു പ്ലീനം നിർദ്ദേശം.
അതേസമയം കൊൽക്കത്ത പ്ലീനം നിർദ്ദേശങ്ങൾ നടപ്പാക്കിയോ എന്നതിൽ പരിശോധന തുടരുകയാണെന്ന് രണ്ട്ദിവസമായി നടന്ന കേന്ദ്രകമ്മിറ്റി യോഗ ശേഷമുള്ള വാർത്താസമ്മേളനത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചോദ്യത്തിന് മറുപടി നൽകി..
കാശ്മീരിലെ സ്ഥിതി
സാധാരണമല്ല
കാശ്മീരിലെ സ്ഥിതി സാധാരണനിലയിലെന്ന കേന്ദ്രസർക്കാർ വാദം തെറ്റാണെന്ന് കേന്ദ്രകമ്മിറ്റി യോഗം വിലയിരുത്തി. സി.പി.എം നേതാവ് തരിഗാമിയെ വീട്ടുതടങ്കലിലാക്കിയിട്ടില്ലെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചതെങ്കിലും അദ്ദേഹത്തിന് കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചില്ല. കാശ്മീരിൽ ഇപ്പോഴും കടകളും സ്കൂളുകളും അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗതം നിലച്ചു. ഇൻറർനെറ്റുമുൾപ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ബ്ലോക്ക് ഡെവലപ്മെൻറ് കൗൺസിലിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ലോകത്തിന് മുന്നിൽ കാശ്മീർ സാധാരണ നിലയിലാണെന്ന് ചിത്രീകരിക്കാൻ മാത്രമാണെന്നും കേന്ദ്രകമ്മിറ്റി കുറ്റപ്പെടുത്തി.
ദേശീയ പൗരത്വപട്ടിക പുതുക്കൽ രാജ്യവ്യാപകമാക്കാനുള്ല കേന്ദ്രനീക്കത്തെയും കേന്ദ്രകമ്മിറ്റി എതിർത്തു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഒക്ടോബർ 10നും 16നും ഇടത്പാർട്ടികൾ നടത്തുന്ന പ്രതിഷേധത്തിൽ പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാൻ കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകി.
ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതിന്റെ നൂറാം വാർഷികം പ്രമാണിച്ച് ഒരു വർഷം നീളുന്ന പരിപാടികൾ സംഘിടിപ്പിക്കുംം. . പാല ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ എൽ.ഡി.എഫിനെ കേന്ദ്രകമ്മിറ്റിയോഗം അഭിനന്ദിച്ചു.