maradu-flat
maradu flat

 ഒഴിയാൻ അധികസമയം തേടിയ അഭിഭാഷകരോട് കോടതി: എല്ലാവരും പുറത്തു കടക്കുക.

ന്യൂഡൽഹി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധിയിൽ ഒരു മാറ്റവും ഉദ്ദേശിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ഹർജിയും ഇനി അനുവദിക്കില്ലെന്നും സുപ്രീംകോടതി. സംസ്ഥാന സർക്കാർ അറിയിച്ച സമയക്രമം അനുസരിച്ച് പൊളിക്കൽ നടപടികൾ മുന്നോട്ടു പോകുമെന്നു വ്യക്തമാക്കിയ ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച്, മരട് കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഹാജരായ എല്ലാ അഭിഭാഷകരോടും കോടതി മുറിയിൽ നിന്ന് പുറത്തുപോകാനും പറഞ്ഞു. കോടതി ഇനി വിഷയത്തിൽ ഇടപെടില്ല. ഇങ്ങനെ പോയാൽ കോടതിയലക്ഷ്യനടപടി നേരിടേണ്ടിവരും- അരുൺ മിശ്ര മുന്നറിയിപ്പു നൽകി.

സർക്കാർ വാഗ്ദാനം ചെയ്ത താത്കാലിക താമസസൗകര്യം ലഭിച്ചിട്ടില്ലെന്നും ഫ്ലാറ്റുകൾ ഒഴിയാൻ ഒരാഴ്ചകൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷക ലില്ലി തോമസും, മരട് ഫ്ലാറ്റുകൾ പൊളിക്കാനുള്ള വിധി റദ്ദാക്കണമെന്ന ആവശ്യവുമായി നാഷണൽ ലോയേഴസ് ക്യാമ്പെയ്‌നുമാണ് കോടതിയെ സമീപിച്ചത്.

ഹർജികൾ ഫയൽ ചെയ്യാൻ അനുമതി തേടി അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിൽ വിഷയം മെൻഷൻ ചെയ്യുകയായിരുന്നു. താമസക്കാരെ സർക്കാർ നിർബന്ധിച്ച് ഇറക്കുകയാണെന്നും ഒഴിയാൻ അധികസമയം വേണമെന്നും അഡ്വ. ലില്ലി തോമസ് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. സർക്കാരിന്റെ ആവശ്യം പോലും ഞങ്ങൾ തള്ളിയിരുന്നു. ഒഴിയാൻ ഒരു മണിക്കൂർ പോലും അധികമായി നൽകാൻ ആകില്ലെന്നും ജസ്റ്റിസ് അരുൺമിശ്ര വ്യക്തമാക്കി.

മരട് കേസിലെ വിധി പൂർണമായും റദ്ദാക്കണമെന്നും, അല്ലെങ്കിൽ ഫ്ലാറ്റുകൾ പൊളിക്കാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നുമായിരുന്നു നാഷണൽ ലോയേഴ്സ് ക്യാമ്പെയ്‌നിന്റെ ആവശ്യം. എല്ലാവരെയും കേട്ടതാണെന്നും ഇനി ആരെയും കേൾക്കില്ലെന്നും വിധി അന്തിമമാണെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. വീണ്ടും വാദം തുടർന്നതോടെയാണ് അഭിഭാഷകരോട് കോടതി മുറിവിട്ടിറങ്ങാൻ ബെഞ്ച് നിർദ്ദേശിച്ചത്. ഉച്ചയ്ക്കു ശേഷം വിഷയം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ലോയേഴ്സ് ക്യാമ്പെയ്ൻ ശ്രമിച്ചെങ്കിലും അദ്ദേഹവും വാദം കേൾക്കാൻ തയ്യാറായില്ല.