ന്യൂഡൽഹി: യുദ്ധത്തിൽ മരിക്കുന്ന സൈനികരുടെ ആശ്രിതർക്കുള്ള നഷ്‌ടപരിഹാരം രണ്ടു ലക്ഷത്തിൽ നിന്ന് എട്ടു ലക്ഷം രൂപയായി ഉയർത്താൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അനുമതി നൽകി. ഗുരുതരമായി പരിക്കേൽക്കുന്നവർക്കും അംഗവൈകല്യം സംഭവിക്കുന്നവർക്കുമുള്ള നഷ്‌ടപരിഹാരത്തിലും ആനുപാതികമായ വർദ്ധനയുണ്ടാകും. എ.ബി.സി.ഡബ്ളൂ.എഫ് വഴിയാണ് നഷ്‌ടപരിഹാരം ലഭ്യമാക്കുക. യുദ്ധത്തിൽ പരിക്കേൽക്കുന്നവർക്കുള്ള സഹായം ലഭ്യമാക്കുന്ന ആർമി ബാറ്റിൽ കാഷ്വാലിറ്റി ക്ഷേമനിധി പ്രതിരോധ മന്ത്രാലയത്തിൽ വിമുക്തഭടന്മാരുടെ ക്ഷേമനിധി വകുപ്പിന് കീഴിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
നിലവിൽ യുദ്ധത്തിൽ മരിക്കുന്ന ജവാന്മാരുടെ ആശ്രിതർക്കും 60 ശതമാനത്തിൽ കൂടുതൽ അംഗവൈകല്യം സംഭവിക്കുന്ന ജവാന്മാർക്കുമാണ് രണ്ടു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുന്നത്. അംഗവൈകല്യം സംഭവിക്കുന്നത് 60ശതമാനത്തിൽ താഴെയാണെങ്കിൽ ഒരു ലക്ഷം രൂപയാണ് ഇപ്പോൾ ലഭിക്കുന്നത്. ആശ്രിത കുടുംബ പെൻഷൻ, ആർമി ഗ്രൂപ്പ് ഇൻഷ്വറൻസ്, ആർമി വെൽഫെയർ ഫണ്ട്, എക്‌സ്ഗ്രേഷ്യാ തുക എന്നിവയ്‌ക്ക് പുറമേയാണിത്.
2016ൽ സിയാച്ചിനിൽ മഞ്ഞിടിച്ചിലിൽ മരിച്ച 10 ജവാന്മാർക്ക് സാമ്പത്തികസഹായം നൽകുന്നതുമായി ബന്ധപ്പെട്ടാണ് ക്ഷേമനിധി നിലവിൽ വന്നത്. ന്യൂഡൽഹിയിൽ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്തുള്ള ബാങ്കിലെ പ്രത്യേക അക്കൗണ്ടിൽ പൊതുജനങ്ങളിൽനിന്നുള്ള സംഭാവന സ്വീകരിക്കാനും സൗകര്യമുണ്ട്. യുദ്ധത്തിൽ അപകടത്തിൽപ്പെടുന്ന ജവാന്മാരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, സൗജന്യ ട്രെയിൻ യാത്ര, പെൺകുട്ടികൾക്ക് വിവാഹ സഹായധനം തുടങ്ങിയവയും ലഭ്യമാണ്.