kasmir-leaders-

ന്യൂഡൽഹി: ജമ്മുകാശ്മീരിൽ വീട്ടുതടങ്കലിലുള്ള നാഷണൽ കോൺഫറൻസ് നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായ ഫാറൂഖ് അബ്ദുള്ളയെയും ഒമർ അബ്ദുള്ളയെയും പാർട്ടി നേതാക്കൾ സന്ദർശിച്ചു. പ്രവിശ്യ പ്രസിഡന്റ് ദേവേന്ദർ സിംഗ് റാണയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ഇരുവരെയും കണ്ടത്. ശ്രീനഗറിലെ വീട്ടിലാണ് 81കാരനായ ഫാറൂഖ് അബ്ദുള്ളയുള്ളത്. സമീപത്തുള്ള ഹരിനിവാസ് ഗസ്റ്റ് ഹൗസിലാണ് മകൻ ഒമർ അബ്ദുള്ളയെ പാർപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 5ന് ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതു മുതൽ ഇരുവരും വീട്ടുതടങ്കലിലാണ്. രണ്ടുമാസത്തിനുശേഷമാണ് ഇരുവരെയും കാണാൻ പാർട്ടി നേതാക്കൾക്ക് ജമ്മുകാശ്മീർ ഭരണകൂടം അനുമതി നൽകിയത്.

രണ്ടുപേരുടെയും സുഖവിവരങ്ങൾ അന്വേഷിക്കാനാണ് വന്നതെന്നും രാഷ്ട്രീയം ചർച്ചയായില്ലെന്നും മുതിർന്ന നേതാവ് അക്ബർ ലോൺ പറഞ്ഞു. അതേസമയം നേതാക്കൾ തടവിലായതിനാൽ ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസലിലേക്കുള്ള തിരഞ്ഞെടുപ്പ് നാഷണൽ കോൺഫറൻസ് ബഹിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രത്യേക പദവി റദ്ദാക്കിയതുമുതൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ 400 ഓളം രാഷ്ട്രീയ നേതാക്കളാണ് തടവിലുള്ളതെന്നാണ് റിപ്പോർട്ട്. ബ്ലോക്ക് ഡെവലപ്‌മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം ജമ്മുവിൽ തടവിലുള്ള നേതാക്കളെ ഭരണകൂടം മോചിപ്പിച്ചിരുന്നു. കാശ്മീരിലുള്ള നേതാക്കളെ ഘട്ടം ഘട്ടമായി മോചിപ്പിക്കാനാണ് നീക്കം. അടുത്തുതന്നെ എല്ലാവരെയും മോചിപ്പിക്കുമെന്നും സാധാരണ രാഷ്ട്രീയ നില പുനഃസ്ഥാപിക്കാനാണ് തങ്ങളാഗ്രഹിക്കുന്നതെന്നും ബി.ജെ.പി നേതാവ് രാംമാധവ് പറഞ്ഞു.

 പി.ഡി.പി നേതാക്കൾ ഇന്ന് മെഹബൂബയെ കാണും

വീട്ടുതടങ്കലിലുള്ള പി.ഡി.പി നേതാവും മുൻമുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയെ കാണാൻ പി.‌ഡി.പി നേതാക്കൾക്ക് ജമ്മുകാശ്മീർ ഭരണകൂടം അനുമതി നൽകി. ഇന്ന് ശ്രീനഗറിലെ വീട്ടിലെത്തി നേതാക്കളുടം സംഘം മെഹബൂബയെ കാണും. നാഷണൽ കോൺഫ്രൻസ് നേതാക്കൾ ഒമർ അബ്ദുള്ളയെയും ഫാറൂഖ് അബ്ദുള്ളയെയും കണ്ടതിന് പിന്നാലെയാണ് പി.ഡി.പി നേതാക്കൾക്കും അനുമതി ലഭിച്ചത്.