drone-trivandrum

ന്യൂഡൽഹി : പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ ഡ്രോണുകൾ കണ്ടതായി അതിർത്തി സേനയുടെ റിപ്പോർട്ട്. തിങ്കളാഴ്ച രാത്രിയാണ് ഹുസൈനിവാലാ മേഖലയിൽ പാക് ഡ്രോൺ ഇന്ത്യൻ അതിർത്തിക്കുള്ളിൽ പ്രവേശിച്ചതായി ബി.എസ്.എഫിന്റെ ശ്രദ്ധയിൽപ്പെട്ടത്. അതിർത്തി കടന്ന് ഒരു കിലോമീറ്ററിലേറെ ഡ്രോൺ പറന്നതായി സൈനിക വൃത്തങ്ങൾ പറയുന്നു. അഞ്ച് തവണ ഇത് ആവർത്തിച്ചതായും ബി.എസ്.എഫ് അറിയിച്ചു. പാകിസ്ഥാൻ ഭാഗത്ത് നിന്നാണ് ഡ്രോൺ വന്നതെന്നാണ് റിപ്പോർട്ട്. രാത്രി 10നും 10.40നും ഇടയിലും തുടർന്ന് 12.25 നുമാണ് ഡ്രോൺ നിരീക്ഷണം നടത്തിയത്.

ബി.എസ്.എഫ് സൈനികനാണ് ഉയർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ബി.എസ്.എഫ്, പഞ്ചാബ് പൊലീസ്, ഇന്റലിജൻസ് എന്നിവർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷയും ശക്തമാക്കി. പാകിസ്ഥാൻ തീവ്രവാദ സംഘടനകൾ ആയുധങ്ങളോ മയക്കുമരുന്നുകളോ കൊണ്ടുവന്നതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്. ഈ ആഴ്ച മൂന്നാം തവണയാണ് ഡ്രോണുകൾ പഞ്ചാബ് അതിർത്തിയിൽ എത്തുന്നത്. സെപ്തംബർ ഒമ്പതിനും 16നും ഇടയിലായി അതിർത്തിക്കിപ്പുറത്തേക്ക് ഡ്രോൺ ഉപയോഗിച്ച് വെടിക്കോപ്പുകൾ കടത്തിയതായി സുരക്ഷാ സേന സ്ഥിരീകരിച്ചിരുന്നു. പാകിസ്ഥാന്റെ പിന്തുണയോടെ തീവ്രവാദികളാണ് ആയുധം കടത്തിയതെന്ന് സൈന്യം പറയുന്നു.

പാക് ചാരസംഘടനയായ ഐ.എസ്.ഐ ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ് എന്ന ഭീകരഗ്രൂപ്പിന്റെ ഒത്താശയോടെയാണ് ആയുധങ്ങൾ എത്തിച്ചതെന്നാണ് വിവരം. ജർമ്മനിയിൽ നിന്ന് പാകിസ്ഥാനിലെ ലാഹോർ വഴി കൊണ്ടു വന്നതാണ് ആയുധങ്ങൾ. പഞ്ചാബ് അതിർത്തിയിൽ നിന്ന് ഇത്തരത്തിലുള്ള പാക് ഡ്രോൺ പിടിച്ചെടുത്തിരുന്നു. ആയുധങ്ങൾ എത്തിച്ച പാക് ഡ്രോണുകളിൽ ഒന്നാണ് പൊലീസ് പിടിച്ചെടുത്തത്. തൊട്ടു പിന്നാലെ ആയുധങ്ങളും കള്ളനോട്ടുമായി അഞ്ച് പേരെ പിടികൂടുകയും ചെയ്തിരുന്നു. അതുപോലെ മറ്റൊരു ഡ്രോൺ പകുതി കത്തിയ നിലയിലും കണ്ടെത്തിയിരുന്നു.