2,141 മരങ്ങൾ ഇതിനകം മുറിച്ചെന്ന് മെട്രോ റെയിൽ കോർപറേഷൻ
ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകരടക്കമുള്ളവർ കടുത്ത പ്രതിഷേധമുയർത്തുന്നതിനിടെ മുംബയിലെ ആരെയ് കോളനിയിൽ മുംബയ് മെട്രോയ്ക്ക് മെട്രോകാർ ഷെഡ് നിർമ്മിക്കാനുള്ള മരംമുറിക്കൽ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഒക്ടോബർ 21ന് വീണ്ടും ഹർജി കേൾക്കുന്നതുവരെ തത്‌സ്ഥിതി തുടരാനാണ് ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ പ്രത്യേക ബെഞ്ച് നിർദ്ദേശിച്ചത്. 2016ൽ പ്രദേശത്ത് നട്ട 21000 മരത്തൈകളുടെ തത്‌സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ മഹാരാഷ്ട്ര സർക്കാരിനോട് നിർദ്ദേശിച്ചു.
അതേസമയം ആവശ്യമുള്ള മരങ്ങളെല്ലാം മുറിച്ചുകഴിഞ്ഞെന്നും ഇനി കൂടുതൽ മുറിക്കില്ലെന്നും മഹാരാഷ്ട്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർമേത്ത കോടതിയെ അറിയിച്ചു. 2185 മരങ്ങൾ മുറിക്കാനാണ് ബോംബൈ ഹൈക്കോടതി അനുമതി നൽകിയത്. ഇതിൽ 2,141 മരങ്ങൾ ഇതിനകം മുറിച്ചതായി മുംബയ് മെട്രോ റെയിൽ കോർപറേഷൻ വ്യക്തമാക്കി.
വിഷയത്തിലിടപെടണമെന്ന് അഭ്യർത്ഥിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് ഒരു കൂട്ടം നിയമവിദ്യാർത്ഥികൾ അയച്ച കത്ത് പൊതുതാത്പര്യഹർജിയായി പരിഗണിച്ചാണ് സുപ്രീംകോടതി ഇടപെട്ടത്.
സുപ്രീംകോടതി ദസറ അവധിയിലായിരുന്നെങ്കിലും ജസ്റ്റിസ് അരുൺ മിശ്ര, അശോക്ഭൂഷൺ എന്നിവരുടെ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വാദം കേൾക്കുകയായിരുന്നു.
മിതി നദിക്ക് സമീപം സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിനോട് ചേർന്ന 1287 ഹെക്ടർ പ്രദേശമാണ് ആരെയ് കോളനി. മുംബയ് നഗരത്തിലെ അവശേഷിക്കുന്ന പ്രധാന പച്ചത്തുരുത്തുകളിലൊന്നായ ഇവിടത്തെ ഇത്രയും മരങ്ങൾ മുറിക്കുന്നത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി പ്രവർത്തകരടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തുവന്നത്. ആക്ടിവിസ്റ്റുകൾ നൽകിയ ഹർജി വെള്ളിയാഴ്ച ബോംബെ ഹൈക്കോടതി തള്ളിയതോടെയാണ് മെട്രോ റെയിൽ കോർപറേഷൻ മരംമുറിക്കൽ തുടങ്ങിയത്.