അവസരങ്ങളുടെ കൂമ്പാരമാണ് ജീവിതം. ജീവിക്കണോ മരിക്കണോ എന്ന് ചിന്തിക്കേണ്ടി വരുന്ന അവസരങ്ങളിൽ ജീവിതം തിരഞ്ഞെടുക്കുക. ഇതാണ് ഷെറിൻ നൂറുദീൻ.
ആത്മഹത്യയ്‌ക്കെതിരെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന 'ലെറ്റ്സ് ലിവ് ' എന്ന സന്നദ്ധ സംഘടനയുടെ അമരക്കാരി. ജീവിതത്തെ അപ്രതീക്ഷിതമായി വരവേൽക്കുന്ന തിരിച്ചടികളിൽ പകച്ചു പോകാത്ത മനുഷ്യരില്ല. അതിജീവിക്കാൻ കഴിയില്ലെന്ന് തോന്നുന്ന നിമിഷത്തിൽ ജന്മത്തിന് വിരാമം കുറിക്കുന്നു ചിലർ. പ്രതിസന്ധികളിൽ കുടുംബമോ കൂട്ടുകാരോ ചേർത്തു പിടിച്ചത് കൊണ്ടുമാത്രം ആശ്വസിക്കുന്നവരുമുണ്ട്. ഒരു കൈത്താങ്ങ് ലഭിക്കാതിരുന്നതു കൊണ്ടുമാത്രം ഒരു മുഴം കയറിലോ ഒരു തുള്ളി വിഷത്തിലോ പിടഞ്ഞൊടുങ്ങിയവരെ ഒന്നോർത്തു നോക്കൂ. ആ വാക്കുകൾക്ക് കാതോർക്കാനോ അണച്ചു പിടിക്കാനോ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ അവരിന്നും ഇവിടെ തുടരുമായിരുന്നു. ആലംബമില്ലാതായവർക്ക് ആശ്വാസത്തിന്റെ നിമിഷങ്ങളും ജീവിക്കാനുള്ള പ്രേരണയും പകരുകയാണ് ലെറ്റ്സ് ലിവും ഷെറിനും.
എങ്ങനെ നമുക്ക് ജീവിക്കാം
തിരുവനന്തപുരമാണ് മുപ്പത്തിയാറുകാരിയായ ഷെറിൻ നൂറുദ്ദീന്റെ സ്വദേശം. എൻജിനീയറിംഗ് പഠനത്തിന് ശേഷം പത്തുവർഷം ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമായി ഐ.ടി.മേഖലയിൽ ജോലി ചെയ്‌തയാളാണ് ഷെറിൻ. ശേഷം ജോലിയിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് തിരുവനന്തപുരത്ത് തിരികെയെത്തി. 2008ൽ പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടി. വീണ്ടും ഐ.ടി മേഖലയിൽ ജോലിക്കായി ഡൽഹിയിലെത്തി. അഞ്ച് വർഷത്തെ ഡൽഹി ജീവിതത്തിനിടെ എം.എസ്.ഡബ്ലിയുവിൽ ബിരുദാനന്തര ബിരുദം നേടി. 2015ൽ ജോലി ഉപേക്ഷിച്ചു. ഇതിനിടെയാണ് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നേതൃത്വ / സംരംഭക പരിശീലന സ്ഥാപനമായ കാന്താരിയിലെത്തുന്നത്. സ്കോളർഷിപ്പോടെ കാന്താരിയിൽ പഠനവും പ്രവർത്തനവും കഴിഞ്ഞതോടെയാണ് ലെറ്റ്സ് ലീവ് എന്ന ആശയം ഉടലെടുത്തത്.
ചില തിരിച്ചടികളെത്തുടർന്ന് ഇരുപത്തഞ്ചാം വയസിൽ ഡിപ്രഷനിലൂടെ കടന്നുപോയിട്ടുണ്ട് ഷെറിൻ. വളരെ ചെറിയ പ്രായത്തിൽ ആത്മഹത്യയിലൂടെ പിതാവിനെയും നഷ്ടപ്പെട്ടു. ഈ കാരണങ്ങളാണ് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നവർക്ക് കൈതാങ്ങാകണമെന്ന ചിന്തയ്‌ക്ക് വിത്തിട്ടത്. ആത്മഹത്യകളില്ലാത്ത ലോകം പടുത്തുയർത്തുകയാണ് ലെറ്റ്സ് ലിവിന്റെ സ്വപ്നമെന്ന് ഷെറിൻ പറയുന്നു.
കൈത്താങ്ങാകുന്നത് ഇങ്ങനെ
തിരുവനന്തപുരം വഴുതക്കാടാണ് ഷെറിന്റെ സംഘടന പ്രവർത്തിക്കുന്നത്. ആത്മഹത്യ തടയാൻ സർക്കാരും സന്നദ്ധ സംഘടനകളും നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ആത്മഹത്യയുടെ തോതിൽ കാര്യമായ കുറവ് വന്നിട്ടില്ല. ലോകത്താകമാനം നടക്കുന്ന ആത്മഹത്യയുടെ 17 ശതമാനം ഇന്ത്യയിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.കേരളം, തമിഴ്‌നാട്, കർണാടകം എന്നീ തെക്കൻ സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ കൂടുതൽ ആത്മഹത്യ റിപ്പോർട്ട് ചെയ്യുന്നത്. 2015ലെ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് കേരളം നാലാം സ്ഥാനത്താണ്.'തനിക്ക് ആരുമില്ല... അല്ലെങ്കിൽ, ഇനി ജീവിച്ചിട്ട് കാര്യമില്ല...' എന്ന തോന്നലിലാണ് ഭൂരിഭാഗം ആത്മഹത്യകളും നടക്കുന്നത്.
നിരാശരായവരെ ചർച്ചകളിലൂടെയും വിവിധ സെഷനിലൂടെയുമാണ് ഷെറിൻ ആത്മവിശ്വാസത്തിന്റെയും പുതുപ്രതീക്ഷകളുടേയും ലോകത്തേക്ക് നയിക്കുന്നത്. മറ്റേത് തൊഴിലിലും നൈപുണ്യം ആവശ്യമെന്നതു പോലെ ജീവിക്കാനും വേണം ചില പൊടിക്കൈകളെന്ന് ഷെറിൻ പറയുന്നു. ജീവിതം സന്ധിയില്ലാ സമരമാണ്. പ്രതിബന്ധങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ് സ്വയം ആർജിക്കേണ്ടതുണ്ട്. ആത്മഹത്യയിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലുമുണ്ടാകാം. ഒരു നിമിഷത്തെ തോന്നലാണ് ആത്മഹത്യ. ആ നിമിഷം കടന്നുകിട്ടിയാൽ ജീവിതത്തിലേക്കുള്ളത് മടക്കയാത്രയാണ്. അങ്ങനെയൊരു നിമിഷം ആരുടെയും ജീവിതത്തിലുണ്ടാകാം. സഹജീവികളോട് തുറന്ന് പറഞ്ഞാൽ മതി നിങ്ങളുടെ പകുതി പ്രശ്നം അവസാനിക്കും. നിങ്ങളെ സഹായിക്കാൻ ആരെങ്കിലും മുന്നോട്ടിറങ്ങും. പണവും പദവിയുമല്ല. മറിച്ച് ഏത് പ്രതിസന്ധിയിലും തോറ്റുകൊടുക്കില്ലെന്ന നിശ്ചയദാർഢ്യമാകണം ജീവിതത്തിന് ഏറ്റവും വലിയ മുതൽക്കൂട്ട്.