indian-rupee
INDIAN RUPEE,INDIA GOVERNMENT,RTI

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത അഞ്ച് ശതമാനം കൂട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ മൊത്തം ഡി.എ അടിസ്ഥാന ശമ്പളത്തിന്റെ / പെൻഷന്റെ 17 ശതമാനമായി വർദ്ധിക്കും. നിലവിൽ ഇത് പന്ത്രണ്ട് ശതമാനമാണ്. അൻപത് ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്കും അറുപത്തിയഞ്ച് ലക്ഷം പെൻഷൻകാർക്കും ആനുകൂല്യം ലഭിക്കും. ഇതിനായി സർക്കാരിന് ഏകദേശം 16,000 കോടി രൂപ ചെലവ് വരും.

ഡി.എ വർദ്ധന ജീവനക്കാർക്കുള്ള ദീപാവലി സമ്മാനം ആണെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ അറിയിച്ച് മന്ത്രി പ്രകാശ് ജാവദേക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഏഴാം ശമ്പള കമ്മിഷന്റെ നിയമാവലി അനുസരിച്ചാണ് വർദ്ധന.

ആരോഗ്യ മേഖലയിലെ ആശാ വർക്കർമാരുടെ വേതനം ഇരട്ടിയാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ആയിരം രൂപയിൽ നിന്ന് രണ്ടായിരം രൂപ ആയാണ് ഇവരുടെ വേതനം വർദ്ധിപ്പിക്കുക.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കാൻ ആധാർ ചേർക്കുന്നതിനുള്ള അവസാന തീയതി നവംബർ 30ലേക്ക് നീട്ടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കാശ്‌മീരിൽ നിന്ന് പലായനം ചെയ്ത പണ്ഡിറ്റ് കുടുംബങ്ങൾക്കുള്ള ധനസഹായ പാക്കേജ് മന്ത്രിസഭ അംഗീകരിച്ചു. ഇവർക്ക് അഞ്ചര ലക്ഷം രൂപ വീതം സർക്കാർ നൽകും.