rakesh-asthana

ന്യൂഡൽഹി: കേസിൽ നിന്ന് രക്ഷപ്പെടുത്താൻ കോഴവാങ്ങിയെന്ന ആരോപണത്തിൽ സി.ബി.ഐ മുൻ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരായ അന്വേഷണം പൂർത്തിയാക്കാൻ സി.ബി.ഐക്ക് രണ്ടുമാസം കൂടി ഡൽഹി ഹൈക്കോടതി അനുവദിച്ചു. അതേസമയം അനേഷണം തീർക്കാൻ വൈകുന്നതിലും നിയമപരമായ സഹായം തേടി യു.എസ്.എ, യു.എ.ഇ എന്നീ രാജ്യങ്ങൾക്ക് അപേക്ഷ നൽകാൻ വൈകിയതിനെയും കോടതി വിമർശിച്ചു. ഉദ്യോഗസ്ഥർ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നെങ്കിൽ അന്വേഷണം ഇപ്പോൾ തീരുമായിരുന്നു. രണ്ടു മാസത്തിനുള്ളിൽ അന്വേഷണം നിർബന്ധമായും പൂർത്തിയാക്കണം. കൂടുതൽ സമയം അനുവദിക്കാനാകില്ല. പുതിയതായി എന്തെങ്കിലും ഉണ്ടായാൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. മൂന്നുമാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സി.ബി.ഐ അപേക്ഷ നൽകിയത്. അന്വേഷണം ഏറെക്കുറെ പൂർത്തിയായെന്നും

സഹായം തേടി യു.എസ്.എയ്ക്കും യു.എ.ഇയും നൽകിയ അപേക്ഷയിൽ മറുപടി ലഭിക്കാൻ കൂടുതൽ സമയം വേണമെന്നുമാണ് സി.ബി.ഐ ചൂണ്ടിക്കാട്ടിയത്.

ഇറച്ചി കയറ്റുമതി വ്യാപാരി മൊയിൻ ഖുറേഷിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്ന വ്യവസായി സതീഷ് സനയിൽനിന്ന് അസ്‌താന കോഴ വാങ്ങിയെന്നാണ് ആരോപണം.