ന്യൂഡൽഹി : കേരളം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ശക്തമായ എതിർപ്പുണ്ടായതോടെ 'ദേശീയ വിദ്യാഭ്യാസ കമ്മിഷൻ' ഉപേക്ഷിക്കാൻ കേന്ദ്രം ഒരുങ്ങുന്നു.

education

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിക്കാൻ പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. നയത്തിലെ ഒരു നിർദ്ദേശമാണ് വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കാൻ രാഷ്ട്രീയ ശിക്ഷാ ആയോഗ് അല്ലെങ്കിൽ ദേശീയ വിദ്യാഭ്യാസ കമ്മിഷൻ രൂപീകരിക്കണമെന്നത്. കേന്ദ്ര മാനവശേഷി മന്ത്രാലയം ജൂണിൽ പുറത്ത് വിട്ട ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടിലും ഇത് ഉൾപ്പെടുത്തിയിരുന്നു. ഇതാണ് എതിർപ്പിനെത്തുടർന്ന് കേന്ദ്രം ഉപേക്ഷിക്കുന്നത്.

വിദ്യാഭ്യാസമേഖലയെ മുഴുവൻ കേന്ദ്രീകൃത സംവിധാനത്തിന‌് കീഴിലാക്കുകയാണ് കേന്ദ്ര സ‌ർക്കാരിന്റെ ലക്ഷ്യമെന്നാരോപിച്ചാണ് കമ്മിഷനെ കേരളം എതിർത്തത്.

കമ്മിഷന്റെ അദ്ധ്യക്ഷൻ പ്രധാനമന്ത്രിയും ഉപാദ്ധ്യക്ഷൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായിരിക്കുമെന്ന് കരടിൽ പറയുന്നു. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, നീതി ആയോഗ് ഉപാദ്ധ്യക്ഷൻ തുടങ്ങി 30 അംഗങ്ങൾ കമ്മിഷനിലുണ്ടാവും. വിദ്യാഭ്യാസ രംഗത്തെ എല്ലാ മാറ്റങ്ങളും കമ്മിഷനിലൂടെ മാത്രമേ പാടുള്ളൂവെന്ന നി‌ർദേശം എത്തിയതോടെയാണ് ബി.ജെ.പി. ഭരിക്കുന്ന ഗുജറാത്ത് അടക്കം കമ്മിഷനെ എതിർത്തത്.

 വ്യാപക പ്രതിഷേധം

2017ലാണ് വിദ്യാഭ്യാസനയം പരിഷ്‌കരിക്കാൻ കസ്തൂരിരംഗൻ കമ്മിറ്റിയെ കേന്ദ്രം നിയമിച്ചത്. സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഘടനാപരമായ മാറ്റങ്ങൾ ശുപാർശ ചെയ്യുന്ന കരട് പ്രസിദ്ധീകരിച്ചത് മുതൽ കേരളവും ഗുജറാത്തും എതിർത്തിരുന്നു. നിലവിലുള്ള10+2 രീതി 5+3+3+4ലേക്ക് മാറ്റാനാണ് പുതിയ വിദ്യാഭ്യാസ നയത്തിലെ ശുപാർശ.