chidambaram

ന്യൂഡൽഹി:എയർസെൽ മാക്സിസ് അഴിമതി കേസിൽ മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിൻറെയും മകൻ കാർത്തിചിദംബരത്തിൻറെയും മുൻകൂർജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തെളിവ് നശിപ്പിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ മുൻകൂർ ജാമ്യം അനുവദിക്കുന്നത് അനുചിതമാണെന്ന് ഇ.ഡി ഹർജിയിൽ ചൂണ്ടിക്കാട്ടി. അന്വേഷണ സമയത്ത് ചിദംബരവും കാർത്തിയും ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്നും ആരോപിച്ചു. ഹർജി ഇന്ന് പരിഗണിക്കും. ഐ.എൻ.എക്സ് മീഡിയ കേസിൽ അറസ്റ്റിലായ ചിദംബരം നിലവിൽ തിഹാർ ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.

സെപ്തംബർ 5നാണ് ഡൽഹി സ്പെഷൽ കോടതി ജഡ്ജ് ഒ.പി സെയ്നി ഇരുവർക്കും ജാമ്യം അനുവദിച്ചത്. ആരോപിക്കപ്പെടുന്ന കുറ്റം നടന്ന കാലവും അന്വേഷണത്തിലെ അകാരണമായ താമസവും പരിഗണിച്ച കോടതി പ്രതികൾ തെളിവ് നശിപ്പിക്കാനോ സാക്ഷികളോ ഭീഷണപ്പെടുത്താനോ സാദ്ധ്യതയില്ലെന്ന് വിലയിരുത്തിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

2006ൽ യു.പി.എ സർക്കാരിൽ ധനമന്ത്രിയായിരിക്കെ ചിദംബരം എയർസെൽ മാക്സിസ് കമ്പനിക്ക് വിദേശ നിക്ഷേപത്തിന് നിയമവിരുദ്ധമായി അനുമതി നൽകിയെന്നാണ് ആരോപണം. 3,560 കോടി നിക്ഷേപിക്കാനുള്ള പദ്ധതി 180 കോടിയുടേതാണെന്ന് തെറ്റായി കാണിച്ചായിരുന്നു ഇടപാട് . ഇതിലൂടെ 1.16 കോടി രൂപ കൈക്കൂലിയായി ലഭിച്ചുവെന്നാണ് ആരോപണം. 2011ൽ സി.ബി.ഐയാണ് ആദ്യം കേസെടുത്തത്. പിന്നീട് കള്ളപ്പണം വെളുപ്പിക്കലിന് ഇ.ഡിയും കേസ് രജിസ്റ്റർ ചെയ്തു.