രാജ്യത്താകെ അടിതെറ്റിക്കിടക്കുമ്പോഴും അധികാരത്തിനായി അടികൂടി ഭിന്നിച്ച സംസ്ഥാന കോൺഗ്രസും, ചൗട്ടാല കുടുംബത്തിലെ കൂട്ടത്തല്ലിൽ പിളർന്ന് പലവഴിയായ ഐ.എൻ.എൽ.ഡിയും, ഹരിയാനയിൽ മനോഹർലാൽ ഖട്ടറിന്റെ രണ്ടാംവരവിന് ഭീഷണിയല്ലെന്ന് ബി.ജെ.പിയും.
ലോക്സഭയിൽ പത്തിൽ പത്തും തോറ്റെങ്കിലും രണ്ടുതവണ മുഖ്യമന്ത്രിയായ ജാട്ട് നേതാവ് ഭുപീന്ദർസിംഗ് ഹൂഡയിലൂടെ വീണ്ടും അധികാരമേറുമെന്ന മോഹവുമായി കോൺഗ്രസ്. ഇരുപാർട്ടികളുടെയും മത്സരചൂടിൽ വാടാതെ പിടിച്ചുനിൽക്കാനാകുമെന്ന പ്രതീക്ഷയുമായി ഐ.എൻ.എൽ.ഡി. ഒടുവിൽ ഹരിയാനപ്പുറത്താരേറും? വോട്ടെടുപ്പ് ഒക്ടോബർ 21ന്. ഫലം 24ന് അറിയാം.ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും ഹരിയാനയിൽ പ്രചാരണത്തിനെത്തിയതോടെ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചിട്ടുണ്ട്.
ദേശീയത ഉയർത്തിയും കുടുംബാധിപത്യത്തെ കടന്നാക്രമിച്ചും ജാട്ട് ഇതര ജാതി സമൂഹത്തിന് കൂടുതൽ സീറ്റ് നൽകിയുമാണ് ബി.ജെ.പിയുടെ രാഷ്ട്രീയനീക്കം. 2014ലെ മോദി തരംഗത്തിൽ കോൺഗ്രസിനെ തകർത്ത് നേടിയ സംസ്ഥാന ഭരണം 2019ലെ മോദി സുനാമി കാലത്ത് നിലനിറുത്തുമെന്നാണ് നേതാക്കളുടെ വാദം. ഇനിയും മങ്ങാത്ത മോദി പ്രഭാവവും അമിത്ഷായുടെ ആവേശവും മനോഹർലാൽ ഖട്ടറുടെ ജാട്ട് ഇതര മുഖവും പ്രവർത്തകരുടെ ആത്മവിശ്വാസം. പ്രതിപക്ഷമില്ലാത്ത സംസ്ഥാനത്ത് 90ൽ 75 നേടുമെന്ന് ഖട്ടറുടെ പ്രവചനം. ജമ്മുകാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതും കർഷക പെൻഷനുമടക്കമുള്ള മോദി സർക്കാരിന്റെ നേട്ടങ്ങളാണ് പ്രചാരണങ്ങളിൽ.
ബൻസിലാൽ, ഭജൻലാൽ,ചൗധരി ദേവി ലാൽ, ചൗധരി രൺബിർ സിംഗ് ഹൂഡ എന്നീ രാഷ്ട്രീയ കുടുംബങ്ങളെ കടന്നാക്രമിച്ചാണ് ബി.ജെ.പി പ്രചാരണം. ഒരു ഹരിയാന എന്ന മുദ്രവാക്യമാണ് ബി.ജെ.പിയുടേത്. ജാതി സമവാക്യങ്ങൾ അട്ടിമറിച്ചാണ് സ്ഥാനാർത്ഥി നിർണയം പോലും. 25 ശതമാനത്തോളം വരുന്ന ജാട്ടുകളാണ് ഭരണം കാലങ്ങളായി നിയന്ത്രിച്ചിരുന്നത്. ഇത് അട്ടിമറിച്ച് 2014ൽ ജാട്ട് അല്ലാത്ത മനോഹർലാൽ ഖട്ടറിനെ മുഖ്യമന്ത്രിയാക്കിയ ബി.ജെ.പി ആ മുഖം തന്നെ വീണ്ടും നിലനിറുത്തി. ജാട്ട് ഇതര സമുദായങ്ങൾക്കാണ് സ്ഥാനാർത്ഥി നിർണയത്തിൽ മുൻതൂക്കം. 2014ൽ24 സ്ഥാനാർത്ഥികൾ ജാട്ട് സമുദായംഗങ്ങളായിരുന്നു. ഇക്കുറി ഇത്19 ആയി കുറച്ചു. പകരം ഗുജ്ജർ, രജപുത്, ബിഷ്ണോയ്, പിന്നാക്കവിഭാഗങ്ങൾ എന്നിവർക്ക് കൂടുതൽ സീറ്റുകൾ നൽകി. ചമർ,വാൽമീകി തുടങ്ങിയവരടങ്ങുന്ന പട്ടികജാതി സമൂഹം 21 ശതമാനം വരും. 2014ൽ 28 ജാട്ട് വിഭാഗക്കാരെ മത്സരിപ്പിച്ച കോൺഗ്രസ് ഇത്തവണ 26 പേരെയാണ് നിറുത്തിയത്.
'അടി'ഞ്ഞുകൂടി കോൺഗ്രസ്
ലോക്സഭയിൽ ശക്തികേന്ദ്രമായ റോത്തക്ക് ഉൾപ്പടെ എല്ലാമണ്ഡലങ്ങളിലും തോറ്റ് നാലുമാസം പിന്നിടുമ്പോഴാണ് കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തെ കൂട്ടിയോജിപ്പിച്ച് മുന്നിൽ നയിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. മാത്രമല്ല നേതാക്കൾ തന്നെ ഭിന്നചേരികളിലാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ, പാർട്ടിവിടുമെന്ന്പോലും സൂചിപ്പിക്കുന്ന തരത്തിൽ ഭുപീന്ദർസിംഗ് ഹൂഡ മഹാപ്രകടനം നടത്തി ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കിയാണ് നിയമസഭാ കക്ഷി നേതൃ സ്ഥാനം നേടിയെടുത്തത്. ഹൂഡയുടെ ആവശ്യപ്രകാരം സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് അശോക് തൻവാറിനെ മാറ്റി മുൻ കേന്ദ്രമന്ത്രി കുമാരി ശെൽജയെ നിയമിക്കാനും സോണിയഗാന്ധി തയാറായി. കോൺഗ്രസ് സീറ്റ് കച്ചവടം നടത്തിയെന്നാരോപിച്ച് സോണിയയുടെ വസതിയിലേക്ക് മാർച്ച് നടത്തി തൻവാർ രാജിവച്ചു. സീറ്റ് ലഭിക്കാത്തതിലെ അതൃപ്തി പ്രകടമാക്കി മുൻമന്ത്രി സമ്പത്ത് സിംഗ് പാർട്ടി വിട്ടതും തിരിച്ചടിയായി.
ഖട്ടാർ സർക്കാർ തട്ടിപ്പാണ്, ഹരിയാനയെ രക്ഷിക്കാൻ ഇതാണ് അവസരമെന്ന് പറഞ്ഞാണ് കോൺഗ്രസ് കളംപിടിക്കാൻ ശ്രമിക്കുന്നത്. അധികാരത്തിലെത്തിയാൽ വാർദ്ധക്യ പെൻഷൻ 5100 രൂപയാക്കുമെന്നാണ് ഹൂഡയുടെ വാഗ്ദാനം. സർപഞ്ചുമാരുടെയും കൗൺസിലർമാരുടെ ഓണറേറിയം ഇരട്ടിയാക്കും, യുവാക്കൾക്ക് തൊഴിൽ, വിദ്യാസമ്പന്നരായ തൊഴിരഹിതർക്ക് 10,000 രൂപ അലവൻസ്, കർഷക കടങ്ങൾ എഴുതി തള്ളൽ തുടങ്ങിയവയും മുന്നോട്ടുവയ്ക്കുന്നു.
പിടിച്ചുനിൽക്കാൻ ഐ.എൻ.എൽ.ഡി
മുൻ ഉപപ്രധാനമന്ത്രി ദേവിലാൽ സ്ഥാപിച്ച ഹരിയാന ലോക്‌ദളിന്റെ പിൻഗാമിയായ, മുൻമുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അദ്ധ്യക്ഷനായ ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐ.എൻ.എൽ.ഡി) 2014ൽ 19 സീറ്റ് നേടി പ്രധാന പ്രതിപക്ഷമായി. മകൻ അഭയ്‌സിംഗ് ചൗട്ടാല പ്രതിപക്ഷനേതാവായി. പിന്നീട് 17 എം.എൽ.എമാരും ബി.ജെ.പി പക്ഷത്തേക്ക് പോയി. അതിനിടെ ചൗട്ടാലകുടുംബാംഗങ്ങൾ തമ്മിലുള്ള പോരിൽ പാർട്ടി പിളർന്നു. ഓംപ്രകാശ് ചൗട്ടാലയുടെ കൊച്ചുമകൻ ദുഷ്യന്ത് ചൗട്ടാല ജൻനായക് ജനത പാർട്ടിയുണ്ടാക്കി പുറത്തേക്ക് പോയി. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുശതമാനം 1.4 ആയി കുറഞ്ഞു.
അഴിമതിക്കേസിൽ ജയിലിലായ ഓംപ്രകാശ് ചൗട്ടാല ജാമ്യത്തിലിറങ്ങി പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. അകാലി ദളുമായി സഖ്യത്തിലാണ് ഐ.എൻ.എൽ.ഡി. ജെ.ജെ.പി മുഴുവൻ സീറ്റിലും മത്സരിക്കുന്നുണ്ട്.
2014ലെ കക്ഷിനില
(ആകെ 90) ബി.ജെ.പി– 47 ഐ.എൻ.എൽ.ഡി– 19 കോൺഗ്രസ്–15 ബി.എസ്.പി–1 എസ്.എ.ഡി–1 മറ്റുള്ളവർ–7.
ഹരിയാനയിൽ പ്രതിപക്ഷമില്ല. എല്ലാ സീറ്റിലും ബി.ജെ.പി ശക്തമാണ്. ഐ.എൻ.എൽ.ഡിയുടെയും കോൺഗ്രസിന്റെയും സാന്നിദ്ധ്യം നാമമാത്രമാണ്.
സുഭാഷ് ബറാല
സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ
90 സീറ്റുള്ള നിയമസഭയിൽ വേണമെങ്കിൽ 110 സീറ്റും ജയിക്കുമെന്ന് ബി.ജെ.പിക്ക് അവകാശപ്പെടാം. ആർക്കാണ് അവരെ തടയാൻ കഴിയുക. കോൺഗ്രസ് ഭൂരിപക്ഷം നേടും
ഭുപീന്ദർസിംഗ് ഹൂഡ
കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി