alka-lamba-

ന്യൂഡൽഹി: കോൺഗ്രസ് വിട്ട് ആം ആദ്മി പാർട്ടിയിലേക്ക് പോയ അൽക ലാംബ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കോൺഗ്രസിൽ ചേർന്നു. ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി പി.സി. ചാക്കോയുടെ നേതൃത്വത്തിൽ ഡൽഹി കോൺഗ്രസ് ആസ്ഥാനത്ത് വച്ച് അൽക്കയ്ക്ക് പാർട്ടി അംഗത്വം നൽകി. അടുത്ത വർഷം ‌‌നടക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് മുൻനിറുത്തിയാണ് അൽക്കയുടെ മടക്കമെന്നാണ് റിപ്പോർട്ട്. 20 വർഷത്തോളം കോൺഗ്രസിൽ പ്രവർത്തിച്ച ശേഷമാണ് അൽക്ക പാർട്ടി വിട്ടതും ആപ്പ് ടിക്കറ്റിൽ ചാന്ദിനി ചൗക്കിൽ നിന്ന് മത്സരിച്ച് എം.എൽ.എയായതും.

2014ലാണ് അൽക്ക ആം ആദ്മിയിൽ ചേർന്നത്. അരവിന്ദ് കേജ്‌രിവാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ആപ്പിൽ നിന്നുള്ള അൽക്കയുടെ രാജി. ഡൽഹിനിയമസഭയിൽ രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന റദ്ദാക്കണം എന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാൽ അൽക്ക ഇതിനോട് യോജിച്ചിരുന്നില്ല. ഇത് പാർട്ടിക്കുള്ളിൽ അൽക്കയ്ക്ക് എതിരെ വലിയ വിമർശനത്തിന് കാരണമായി. തുടർന്ന് അൽക്കയെ ഡൽഹി നിയമസഭാ സ്പീക്കർ റാം നിവാസ് അയോഗ്യയായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് സെപ്തംബറിൽ അൽക്ക രാജിവച്ചത്.