ന്യൂഡൽഹി: എ.ഐ.സി.സി കാഷ്യറും മലയാളിയുമായ മാത്യുവർഗീസിന്റെ കൊച്ചി ചോറ്റാനിക്കരയിലെ വസതിയിൽ അടക്കം നടന്ന ആദായ നികുതി റെയ്ഡുകൾ രാഷ്ട്രീയ പകപോക്കലാണെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് ആസ്ഥാനത്ത് ജോലി ചെയ്യുന്നവരെപ്പോലും ലക്ഷ്യമിടുകയാണെന്നും ചോറ്റാനിക്കരയിൽ നടന്നതിന് സമാനമായ റെയ്ഡുകൾ ഡൽഹിയിലും നടന്നുവെന്നും പാർട്ടി ആരോപിച്ചു. യൂത്ത് കോൺഗ്രസ്, എൻ.എസ്.യു പ്രവർത്തകർ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ വസതിക്കു മുന്നിൽ പ്രതിഷേധിച്ചു.
എതിരാളികളോട് രാഷ്ട്രീയമായി പകപോക്കുന്ന മോദി സർക്കാർ കോൺഗ്രസ് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരെയും വേട്ടയാടുകയാണെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആനന്ദ് ശർമ്മ പറഞ്ഞു. റെയ്ഡ് നടത്തി സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയിൽ നിന്ന് ജനശ്രദ്ധ അകറ്റാനാണ് ശ്രമം. അതിനായി രാഷ്‌ട്രീയ എതിരാളികളെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുന്നു. കോൺഗ്രസിനെ മാത്രമല്ല, തൃണമൂൽ, ബി.എസ്.പി, ടി.ഡി.പി, സമാജ്‌വാദി പാർട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികളെയും സമാനമായ രീതിയിൽ രാഷ്‌ട്രീയ പകപോക്കലിന് ഇരയാക്കുന്നുണ്ടെന്നും ആനന്ദ് ശർമ്മ ആരോപിച്ചു. തിരഞ്ഞെടുപ്പ് ബോണ്ടു വഴി 60,000 കോടി രൂപയിലേറെ സംഭാവന ലഭിച്ച ബി.ജെ.പിയുടെ കണക്കുകളാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാവ് അഹമ്മദ് പട്ടേലുമായി ബന്ധപ്പെട്ടവരുടെ ഡൽഹിയിലെ വസതികളിൽ കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡു നടന്നുവെന്ന് കോൺഗ്രസ് വെളിപ്പെടുത്തി.
നിർമ്മലാ സീതാരാമന്റെ വസതിക്കു മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 'അന്വേഷണ ഏജൻസികളെ ഉപകരണമാക്കാതെ രാഷ്ട്രീയമായി പോരാടൂ' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം.