jpg

ന്യൂഡൽഹി: വിവരാവകാശനിയമ പ്രകാരം വിവരം തേടുന്നവർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ആർ.ടി.ഐ (വിവരാവകാശ നിയമം) 15ാംവയസിലേക്ക് കടക്കവെ, ഇതുവരെ രാജ്യത്ത് 84 വിവരാവകാശ പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. ഇതുൾപ്പെടെ 443 അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ആറാം തിയതി രാജസ്ഥാനിലെ ബാർമർ ജില്ലയിലെ വിവരാവകാശ പ്രവർത്തകൻ ജഗദിഷ് ഗോളിയാർ പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം.

കൂടുതൽ ആക്രമണം നടന്നത് ഗുജറാത്തിലാണ് - 45. 2010ൽ ഗുജറാത്ത് ഹൈക്കോടതിക്ക് സമീപം വിവരാവകാശ പ്രവർത്തകൻ അമിത് ജത്‌വ കൊല്ലപ്പെട്ട കേസാണ് ഇതിൽ പ്രധാനം. കേസിൽ മുൻ ബി.ജെ.പി എം.പി ദിനുബോഗ സോളങ്കി ശിക്ഷിക്കപ്പെട്ടു. കേരളത്തിൽ മൂന്ന്പേർക്കെതിരെ ആക്രമണമുണ്ടായി. കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ് ഇനിഷ്യേറ്റീവിന്റെതാണ് ഈ കണക്കുകൾ. ഭയം കാരണം കൂടുതൽ പേരും അതിക്രമ വിവരങ്ങൾ പുറത്തുപറയുന്നില്ലെന്നും ആർ.ടി.ഐ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

ആർ.ടി.ഐ നിയമവുമായി ബന്ധപ്പെട്ട് സെന്റർ ലാ ആൻഡ് ഡെമോക്രസിയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ റേറ്റിംഗ് കുറഞ്ഞു. 2005 ഒക്ടോബർ 12 മുതലാണ് വിവരാവകാശ നിയമം രാജ്യത്ത് പൂർണതോതിൽ നടപ്പായത്. ജനങ്ങളിൽ 2.25 ശതമാനം മാത്രമാണ് ആർ.ടി.ഐ സേവനം ഉപയോഗപ്പെടുത്തുന്നത്.