mother-child

ന്യൂഡൽഹി : നവജാതശിശു മരിച്ചാലോ, ഗർഭം അലസിയാലോ അമ്മമാർക്ക് 1000 രൂപ ധനസഹായം നൽകുന്ന പദ്ധതിയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലായം. രാജ്യത്ത് നവജാത ശിശു മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വളരെ കുറവാണ്. ശിശുമരണങ്ങൾ സംബന്ധിച്ചുള്ള വ്യക്തമായ കണക്കെടുപ്പിനൊപ്പം 2022 ഓടെ രാജ്യത്തെ ശിശുമരണ നിരക്ക് കുറയ്ക്കാനുമാണ് പുതിയ പദ്ധതി.

മരണം, അലസൽ എന്നിവ സംഭവിച്ച് 42 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണം. ഇതിനായി രാജ്യത്താകമാനം കോൾസെന്ററുകൾ സ്ഥാപിക്കും. ടോൾ - ഫ്രീ നമ്പറുകളും ഒരുക്കും. ഒപ്പം സന്നദ്ധസംഘടനകുടേയും ആശാ വർക്കർമാരുടേയും സഹായവും തേടും. അമ്മയുടെ പേരും വിലാസവുമാണ് അറിയിക്കേണ്ടത്. ഇതുനുസരിച്ച് ആരോഗ്യ വകുപ്പിലെ വിദഗ്ദനായ ഡോക്ടർ അടങ്ങിയ ഒരു സംഘം സ്ഥലത്തത്തും. വിവരം സത്യമാമെങ്കിൽ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 1,000 രൂപ നിക്ഷേപിക്കും.

നവജാതശിശു മരണം, ഗർഭം അലസൽ തുടങ്ങിയവ സാധാരണ ആശുപത്രിയിൽ സംഭവിച്ചാൽ മാത്രമേ കണക്കിൽ ഇടം പിടിക്കാറുള്ളൂ. നല്ലൊരു വിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യാതെ പോകുകയും പതിവാണ്.സർക്കാരിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ 52 ശതമാനം ഗർഭിണികൾക്ക് മാത്രമാണ് വൈദ്യസഹായം ലഭിക്കുന്നത്.

ലോകത്ത് ഒരു വർഷം മരിക്കുന്ന നവജാതശിശുക്കളുടെ എണ്ണം 26 ലക്ഷമാണെന്നാണ് യുണിസെഫിന്റെ കണക്ക്. ആയിരം കുട്ടികൾക്ക് 25.4 ആണ് ഇന്ത്യയിലെ നവജാതശിശു മരണനിരക്ക്. 2.6 കോടി ശിശുക്കൾ ഒരു വർഷം ഇന്ത്യയിൽ ജനിക്കുമ്പോൾ 6.4 ലക്ഷം കുട്ടികൾ മരിക്കുന്നു. ഇന്ത്യയിൽ ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങൾ കേരളവും ഗോവയുമാണ്. ആയിരം ശിശുക്കളിൽ ഒരുമാസമെത്തും മുമ്പേ മരിക്കുന്നവർ പത്തു മാത്രമാണ്. 2030ന് അകം ശിശു മരണനിരക്ക് ആയിരത്തിന് 12 ആയി കുറയ്ക്കുകയാണ് ലക്ഷ്യം.