ajith-doval

ന്യൂഡൽഹി: വിവിധ അന്വേഷണ ഏജൻസികൾ തമ്മിൽ ഫലപ്രദമായ ഏകോപനമില്ലാത്തത് ഭീകരവിരുദ്ധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും അതു മറികടക്കാൻ ദേശീയ തലത്തിൽ ഒരു കേന്ദ്രീകൃത സംവിധാനം രൂപീകരിക്കണമെന്നും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ.

ഡൽഹിയിൽ ഭീകര വിരുദ്ധ ഏജൻസികളുടെ മേധാവികളുടെ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിവിധ ഏജൻസികൾ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കുന്നതും അന്വേഷണം നടത്തുന്നതും നടപടിയെടുക്കുന്നതും ചിട്ടയായിട്ടല്ല. ആർമി പ്രധാനമായും ശ്രദ്ധിക്കുന്നത് ജമ്മു കാശ്‌‌മീരിലാണ്. റാ, ഇന്റലിജൻസ് ബ്യൂറോ, എൻ.ഐ.എ എന്നിവയുടെ പ്രവർത്തനത്തിനും ഏകോപനമില്ല. സംസ്ഥാനങ്ങളിലെ ഭീകരവിരുദ്ധ സ്‌ക്വാഡ്, സ്‌പെഷൽ ടാസ്‌ക് ഫോഴ്സ്

എന്നിവ ചില മേഖലകളിൽ ഒതുങ്ങുന്നു. ഇത് ഭീകരത ഇല്ലാതാക്കുന്നതിന് തടസമാണ്. അതിനാൽ ഇന്റലിജൻസ് ശേഖരണം, അന്വേഷണം, നടപടിയെടുക്കൽ എന്നിവ ക്രോഡീകരിക്കാൻ ഒരു കേന്ദ്ര ഏജൻസി അനിവാര്യമാണെന്ന് ഡോവൽ ചൂണ്ടിക്കാട്ടി.

ഭീകരത ദേശീയ നയമാക്കിയ രാജ്യമാണ് പാകിസ്ഥാൻ. ഇന്ത്യയുടെ ശ്രമഫലമായി ഫിനാൻഷ്യൽ ആക‌്‌ഷൻ ടാക്‌സ് ഫോഴ്സ് (എഫ്.എ.ടി.എഫ്) പാകിസ്ഥാനു മേൽ അതിയായ സമ്മർദ്ദം ചെലുത്തുന്നുണ്ട്. പാകിസ്ഥാന്റെ തനി നിറം തുറന്നു കാട്ടാൻ ആവശ്യമായ തെളിവുകൾ ശേഖരിച്ച് മാദ്ധ്യമങ്ങൾക്ക് നൽകാനും ഡോവൽ ആവശ്യപ്പെട്ടു.

 മാദ്ധ്യമങ്ങൾ പക്വത കാട്ടണം
ഭീകര പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ടിംഗിൽ മാദ്ധ്യമങ്ങൾ പക്വത കാട്ടണമെന്ന് ഡോവൽ ആവശ്യപ്പെട്ടു. സംഭവങ്ങൾക്ക് മാദ്ധ്യമങ്ങൾ നല്ല പ്രചാരം നൽകുന്നത് പ്രശസ്‌തി ആഗ്രഹിക്കുന്ന ഭീകരർക്ക് സഹായകമാകുന്നു. ജനങ്ങളെ ഭീതിയിലാഴ്‌ത്തുക എന്നതാണ് ഭീകരരുടെ ലക്ഷ്യം. അതിന് മാദ്ധ്യമങ്ങൾ നിന്നുകൊടുക്കരുത്. ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന കോടതികളുടെ മനോഭാവവും മാറണം. ഭീകരരുടെ ചെയ്‌തികൾക്ക് പലപ്പോഴും സാക്ഷികൾ ഉണ്ടാവണമെന്നില്ല. സാക്ഷികളായവർ മുന്നോട്ടു വരാൻ ധൈര്യം കാണിക്കാനുമിടയില്ല. കോടതികൾ ഇതു കണക്കിലെടുക്കണം.