ചോദ്യം ചെയ്യാൻ അനുമതി
ന്യൂഡൽഹി : ഐ.എൻ.എക്സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ കേന്ദ്രധനമന്ത്രി പി. ചിദംബരത്തെ ചോദ്യം ചെയ്യാനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും എൻഫോഴ്സ്മെൻറിന് ഡൽഹി സി.ബി.ഐ പ്രത്യേക കോടതി അനുമതി നൽകി. സ്പെഷൽ കോടതി ജഡ്ജി അജയ് കുമാർ കുഹാറിന്റേതാണ് ഉത്തരവ്. ഇ.ഡി ഉദ്യോഗസ്ഥർ ഇന്ന് തിഹാർ ജയിലിലെത്തി ചിദംബരത്തെ ചോദ്യം ചെയ്യും.
ഐ.എൻ.എക്സ് മീഡിയയ്ക്ക് വിദേശനിക്ഷേപത്തിന് അനുമതി നൽകിയതിലെ ക്രമക്കേടിന് സി.ബി.ഐ എടുത്ത കേസിൽ ആഗസ്റ്റ് 21ന് അറസ്റ്റിലായ ചിദംബരം സെപ്തംബർ 5 മുതൽ തിഹാർ ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. ഇ.ഡി കേസിൽ ചിദംബരത്തിന്റെ കീഴടങ്ങൽ അപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.
ചിദംബരത്തെ അറസ്റ്റ് ചെയ്യണമെന്നും 14 ദിവസത്തെ കസ്റ്റഡി വേണമെന്നുമാണ് ഇ.ഡി ആവശ്യപ്പെട്ടത്. അത് തള്ളിയ കോടതി ആദ്യം ചോദ്യം ചെയ്യൽ നടക്കട്ടെയെന്ന് വ്യക്തമാക്കി. അതിനുശേഷം ആവശ്യമെങ്കിൽ റിമാൻഡ് അപേക്ഷ നൽകാം. എങ്കിൽ കോടതി സമുച്ചയത്തിൽ വച്ച് തന്നെ ചോദ്യം ചെയ്യാൻ അനുമതി വേണമെന്ന് ഇ.ഡി ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. നടപടിക്രമം പാലിക്കാതെയാണ് അപേക്ഷയെന്നും ഒരേ എഫ്.ഐ.ആറിലുള്ള കേസിൽ രണ്ട് കസ്റ്റഡി ആവശ്യപ്പെടാനാകില്ലെന്നും ചൂണ്ടിക്കാട്ടി ചിദംബരത്തിന് വേണ്ടി കപിൽ സിബൽ ഇ.ഡിയുടെ ആവശ്യത്തെ എതിർത്തു.
സാക്ഷികളെ സ്വാധീനിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയതോടെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ചിദംബരം. ചിദംബരത്തെ അപമാനിക്കാൻ ലക്ഷ്യമിട്ടാണ് സി.ബി.ഐ ജുഡിഷ്യൽ കസ്റ്റഡി നീട്ടാൻ ആവശ്യപ്പെടുന്നതെന്ന് ഇന്നലെ സുപ്രീംകോടതിയിൽ കപിൽ സിബലും അഭിഷേക് സിംഗ്വിയും വാദിച്ചു. ഹർജിയിൽ ഇന്ന് സി.ബി.ഐ നിലപാട് അറിയിക്കും.
2007ൽ ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എൻ.എക്സ് മീഡിയയ്ക്ക് വിദേശനിക്ഷേപത്തിന് അനുമതി നൽകിയതിന് ചിദംബരത്തിനും മകൻ കാർത്തിക്കും കോഴ ലഭിച്ചെന്നാണ് ആരോപണം.