kadanna
ന്യൂഡൽഹിയിൽ 17-മത് മാരിടൈം സ്റ്റേറ്റ് ഡവലപ്മെന്റ് കൗൺസിൽ യോഗത്തിൽ തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സംസാരിക്കുന്നു.

ന്യൂഡൽഹി:കേരളത്തിലെ തുറമുഖങ്ങളുടെ വികസനത്തിനും അനുബന്ധ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും കൂടുതൽ കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന് തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആവശ്യപ്പെട്ടു.

രാജ്യത്തെ തുറമുഖങ്ങളുടെ വികസനവും വ്യാപാരവും സുരക്ഷാ പ്രശ്നങ്ങളും സംബന്ധിച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ന്യൂഡൽഹിയിൽ വിളിച്ചു ചേർത്ത 17-ാമത് മാരിടൈം സ്റ്റേറ്റ് ഡവലപ്മെന്റ് കൗൺസിൽ യോഗത്തിലാണ് മന്ത്രി ആവശ്യങ്ങൾ ഉന്നയിച്ചത്.

വിഴിഞ്ഞം തുറമുഖ നിർമ്മാണം, അഴീക്കൽ, കൊല്ലം, ബേപ്പൂർ, ആലപ്പുഴ, കൊടുങ്ങല്ലൂർ തുറമുഖങ്ങളുടെ വികസനം, റെയിൽ-റോഡ് ഗതാഗത സൗകര്യം വിപുലപ്പെടുത്തൽ തുടങ്ങിയ പദ്ധതികൾക്കാണ് മുൻഗണന നൽകുന്നത്. കൊച്ചി തുറമുഖത്തെ ഡ്രഡ്‌ജിംഗ് ചെലവിന് സഹായം വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ശേഷി വിപുലീകരിക്കുക, പുതിയ തുറമുഖ നിയമത്തിന്റെ കരട് തയ്യാറാക്കൽ, തുറമുഖങ്ങളിലെ സുരക്ഷാ പ്രശ്നങ്ങൾ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, ഉപേക്ഷിച്ച കപ്പലുകൾ നീക്കം ചെയ്യൽ, പ്രവർത്തന രഹിതമായ തുറമുഖങ്ങളുടെ പ്രശ്നങ്ങൾ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്തു.
കേന്ദ്ര ഷിപ്പിംഗ് സഹ മന്ത്രി മൻസുഖ് മാണ്ഡവ്യ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന തുറമുഖ വകുപ്പു സെക്രട്ടറി സഞ്ജയ് കൗൾ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം ബീന എന്നിവരും യോഗത്തിൽ പങ്കെടുത്തു.