
'ഭൂമിയിലെ ഒന്നിനും എന്നെ സ്വാധീനിക്കാനാവില്ല'
ന്യൂഡൽഹി : ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 24ാം വകുപ്പ് പ്രകാരമുള്ള നഷ്ടപരിഹാരം സംബന്ധിച്ച സുപ്രീംകോടതിയുടെ തന്നെ ഭിന്നവിധികൾക്കെതിരായ ഹർജികൾ പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ നിന്ന് പിൻമാറണമെന്ന ആവശ്യം ജസ്റ്റിസ് അരുൺമിശ്ര തള്ളി. സമൂഹ മാദ്ധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളിൽ അദ്ദേഹം കടുത്ത അതൃപ്തിയറിയിച്ചു.
''എനിക്ക് പക്ഷപാതമില്ല. ഭൂമിയിലെ ഒന്നിനും എന്നെ സ്വാധീനിക്കാനാവില്ല. ഞാൻ ഹീറോയല്ല. എന്റെ കാഴ്ചപ്പാടുകളുടെ പേരിൽ എന്നെ വിമർശിക്കാം. പക്ഷേ ദൈവത്തിന്റെ മുന്നിൽ എന്റെ സത്യസന്ധത വ്യക്തമാണ്. ദൈവം അല്ലാതെ മറ്റ് ഏതെങ്കിലും ശക്തി സ്വാധീനിക്കുമെന്ന് തോന്നിയാൽ കേസ് കേൾക്കുന്നതിൽ നിന്ന് ഞാൻ തന്നെ ആദ്യം പിൻമാറും'' - അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് മിശ്രയുടെ നിലപാടിനെ ജസ്റ്റിസ്‌മാരായ വിനീത് ശരണും എം.ആർ ഷായും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും പിന്തുണച്ചു.
ഏറ്റെടുത്ത ഭൂമിക്ക് അഞ്ച് വർഷത്തിനുള്ളിൽ ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ഏറ്റെടുക്കൽ അസാധുവാകുമെന്ന് ജസ്റ്റിസ് ആർ.എം ലോധയുടെ ബെഞ്ച് 2014ൽ ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിച്ച ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് അഞ്ചുവർഷത്തിനുള്ളിൽ നഷ്ടപരിഹാരം സ്വീകരിക്കാൻ ഭൂവുടമകൾ വിസമ്മതിച്ചാലും ഭൂമി ഏറ്റെടുക്കൽ അസാധുവാകില്ലെന്ന് വിധിച്ചു. ഈ ഭിന്നവിധികളുടെ സാധുത ചോദ്യം ചെയ്തുള്ള ഹർജികളാണ് ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനും ജസ്റ്റിസ്‌മാരായ ഇന്ദിരാ ബാനർജി, വിനീത് ശരൺ, എം.ആർ. ഷാ, രവീന്ദ്ര ഭട്ട് എന്നിവർ അംഗങ്ങളുമായ ഭരണഘടനാബെഞ്ചിന് വിട്ടത്. വിധി പറഞ്ഞ ജസ്റ്റിസ് അരുൺമിശ്ര തന്നെ വിശാല ബെഞ്ചിൽ വിഷയം പരിഗണിക്കുന്നതിനെയാണ് കക്ഷികളിലൊരാളായ ഇന്ത്യൻ ഫാർമേഴ്‌സ് അസോസിയേഷൻ ചോദ്യം ചെയ്തത്. ജസ്റ്റിസ് അരുൺമിശ്ര ബെഞ്ചിൽ നിന്ന് പിൻമാറണമെന്നും ആവശ്യപ്പെടുകയായിരുന്നു.