ന്യൂഡൽഹി: അയോദ്ധ്യയിലെ ബാബ്റി മസ്ജിദ് - രാമജന്മഭൂമി തർക്ക കേസ് നാൽപ്പത് ദിവസം നീണ്ട അന്തിമ വാദത്തിന് ശേഷം സുപ്രീംകോടതി ഭരണഘടനാബെഞ്ച് ഇന്നലെ വിധി പറയാൻ മാറ്റി. വാദത്തിന്റെ അവസാന ദിനമായ ഇന്നലെ തർക്കകക്ഷികളുമായി ഒത്തുതീർപ്പുണ്ടാക്കിയെന്ന സൂചന നൽകിക്കൊണ്ട് അയോദ്ധ്യ മദ്ധ്യസ്ഥ സമിതിയുടെ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു. ഒത്തുതീർപ്പു വ്യവസ്ഥകൾ രഹസ്യമാണ്. ഭരണഘടനാ ബെഞ്ച് ഇന്ന് ചേംബറിൽ ചേർന്ന് ഈ റിപ്പോർട്ട് പരിഗണിക്കും.
അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ നയിച്ച ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നവംബർ 17ന് വിരമിക്കുന്നതിനാൽ അതിന് മുൻപ് സുപ്രധാന വിധി വരും. ഒത്തുതീർപ്പുണ്ടായെങ്കിൽ അതിന് പ്രാബല്യം നൽകുന്ന ചരിത്ര വിധിയായിരിക്കും വരുന്നത്.
വാദത്തിനിടെ സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ രാജീവ് ധവാൻ ഹിന്ദുമഹാസഭയുടെ അഭിഭാഷകൻ കൈമാറിയ രേഖകൾ കീറിയെറിഞ്ഞത് കോടതിയിൽ നാടകീയ രംഗങ്ങൾ സൃഷ്‌ടിച്ചു. കുറച്ചു കൂടി കീറിക്കളഞ്ഞോളൂ എന്ന് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞു. ബഹളം തുടർന്നപ്പോൾ വാദം നിറുത്തി തങ്ങൾ പുറത്തുപോകുമെന്ന് ചീഫ്ജസ്റ്റിസ് മുന്നറിയിപ്പ് നൽകിയോതോടെ സ്ഥിതി ശാന്തമായി.
അതേസമയം,കേസിൽ നിന്ന് പിൻമാറാനുള്ള സന്നദ്ധത സുന്നിവഖഫ് ബോർഡ് ചെയർമാൻ സുഫർ അഹമ്മദ് ഫാറൂഖി മദ്ധ്യസ്ഥ സമിതിയെ അറിയിച്ചെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആഗസ്റ്റ് ആറിന് തുടങ്ങിയ അന്തിമവാദം ഇന്നലെ വൈകിട്ട് നാലോടെയാണ് പൂർത്തിയായത്. കൂടുതൽ വാദങ്ങൾ എഴുതി നൽകാൻ കക്ഷികൾക്ക് മൂന്നു ദിവസവും അനുവദിച്ചു.
വഖഫ് ബോർഡ് പിൻമാറിയെന്നും ഇല്ലെന്നും
കേസിൽ നിന്ന് പിന്മാറാൻ യു.പി സുന്നി വഖഫ് ബോർഡ് ചെയർമാൻ സുഫർ അഹമ്മദ് ഫാറൂഖി സന്നദ്ധമായെന്ന റിപ്പോർട്ട് വിവാദമായി. ബാബ്റി മസ്‌ജിദ് തകർത്തതിന് ശേഷമുള്ള കലാപത്തിൽ നാശമുണ്ടായവ ഉൾപ്പെടെ 22 മുസ്‌ലിം പള്ളികളുടെ അറ്റകുറ്റപ്പണി യു.പി സർക്കാർ ഏറ്റെടുക്കണം എന്നതടക്കമുള്ള ഉപാധികളോടെയാണ് പിൻമാറാൻ തയാറായതെന്നാണ് റിപ്പോർട്ട്. എന്നാൽ കേസിൽ പിൻമാറാനുള്ള അപേക്ഷ ഒരു കോടതിയിലും നൽകിയിട്ടില്ലെന്ന് വഖഫ് ബോർഡിന്റെ അഭിഭാഷകൻ ജിലാനി അറിയിച്ചു.
ഭരണഘടനാ ബെഞ്ച്
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ്‌മാരായ എസ്. എ ബോബ്‌ഡെ, ഡി. വൈ ചന്ദ്രചൂഢ്, അശോക് ഭൂഷൺ, എസ്. എ. നസീർ
മദ്ധ്യസ്ഥ സമിതി
ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ
സുപ്രീംകോടതി മുൻ ജസ്റ്റിസ് എഫ്. എം. ഐ കലിഫുള്ള
സീനിയർ അഭിഭാഷകൻ ശ്രീറാം പഞ്ചു
നീണ്ട രണ്ടാമത്തെ വാദം
സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട രണ്ടാമത്തെ തുടർച്ചയായ വാദം കേൾക്കലായിരുന്നു അയോദ്ധ്യ കേസിൽ. 40 ദിവസം.
കേശവാനന്ദ ഭാരതി കേസിലായിരുന്നു ഏറ്റവും നീണ്ട വാദം - 68 ദിവസം.