അഞ്ചു വർഷം കഴിഞ്ഞുള്ള ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തു നിന്ന് പ്രതിപക്ഷത്തേക്കും തിരിച്ചുമാണ് മാറ്റങ്ങൾ പതിവെങ്കിൽ ഒരു മുന്നണിയിലെ രണ്ടുകക്ഷികൾ തമ്മിൽ ആരാണ് കേമൻ എന്നറിയാനുള്ള പോരാട്ടമാണ് ഇക്കുറി മഹാരാഷ്ട്രയിൽ. ഭരണവും വലിയേട്ടൻ സ്ഥാനവും നിലനിറുത്താൻ ബി.ജെ.പിയും മഹാരാഷ്ട്രയിലെ രാജാക്കൻമാരെന്ന് തെളിയിക്കാൻ ശിവസേനയും എൻ.ഡി.എ മുന്നണിക്കുള്ളിൽ നിന്നു നടത്തുന്ന പരോക്ഷ പോരാട്ടമാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആകെത്തുക. നേതൃനിരയിലെ വിള്ളൽ മൂലം ശക്തി തെളിയിക്കാൻ കെൽപ്പില്ലാതെ ഉഴറുന്ന കോൺഗ്രസിനും ഉറച്ചു നിൽക്കാൻ പാടുപെടുന്ന ശരത് പവാറിന്റെ എൻ.സി.പിക്കും പ്രതിപക്ഷത്തു നിന്ന് ഭരണത്തിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയില്ല. ദേവേന്ദ്ര ഫട്നവിസ് നയിക്കുന്ന ബി.ജെ.പി സർക്കാരിനെതിരെ ഉയരുന്ന ഭരണവിരുദ്ധ വികാരത്തിൽ നിന്ന് ജനങ്ങൾ നൽകുന്ന ബോണസ് ആണ് അവരുടെ പ്രതീക്ഷ.
2014ലെ ആവേശപ്പോരാട്ടം
മഹാരാഷ്ട്ര കണ്ട ഏറ്റവും ശക്തമായ നിയമസഭാപ്പോരാട്ടമായിരുന്നു 2014ലേത്. കേന്ദ്രത്തിൽ വൻ ഭൂരിപക്ഷത്തിൽ അധികാരമേറ്റ നരേന്ദ്രമോദി സർക്കാരിനുള്ള ജനപിന്തുണയുടെ അളവുകോലായി അതിനെ വിലയിരുത്തി. ഒരുകാലത്ത് ശിവസേനയുടെ വാതിക്കൽ റാൻ മൂളി നിന്ന്, വേരോട്ടമുണ്ടാക്കി വളർന്ന ബി.ജെ.പി കേന്ദ്രഭരണത്തിന്റെ ആത്മവിശ്വാസത്തിൽ ഡ്രൈവിംഗ് സീറ്റിലേക്ക് മാറിയത് അന്നത്തെ പോരാട്ടത്തിന് വേറിട്ട മുഖം നൽകി. സീറ്റ് തർക്കങ്ങൾക്കൊടുവിൽ കാൽനൂറ്റാണ്ട് പഴക്കമുള്ള സംഖ്യത്തിന് ബൈ ചൊല്ലി സേനയെ അവരുടെ വഴിക്ക് വിട്ടു. ബാൽതാക്കറെയുടെ അതുല്യ നേതൃത്വം മറക്കാത്ത മുംബയ് നഗരവും മറാത്തി സമൂഹവും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിൽ ശിവസേന അതു കാര്യമാക്കിയില്ലെങ്കിലും ഫലം വന്നപ്പോൾ കണക്കുതെറ്റി. സേനയുടെ നാട്ടിൽ അവരെ കടത്തിവെട്ടിയ ബി.ജെ.പി 288 അംഗ നിയമസഭയിൽ 122 സീറ്റു നേടി വലിയ കക്ഷിയായി. ഭൂരിപക്ഷം തെളിയിക്കാൻ പക്ഷേ തിരഞ്ഞെടുപ്പിന് ശേഷം ശിവസേനയുമായി(62സീറ്റ്) വീണ്ടും കൂട്ടുകൂടിയെന്നത് ചരിത്രം. തൊട്ടു മുൻപു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സേനാ സംഖ്യം 48ൽ 41 സീറ്റിലും ജയിച്ചിരുന്നു(ബി.ജെ.പി:23,ശിവസേന18.)
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ച ആദർശ് കുംഭകോണം അടക്കമുള്ള അഴിമതിക്കറ മഹാരാഷ്ട്രയിലും കോൺഗ്രസിനെ വലച്ചു. സംസ്ഥാനത്ത് മുന്നണിയായി ഭരിച്ച കോൺഗ്രസും എൻ.സി.പിയും സീറ്റ് തർക്കത്തിനൊടുവിൽ 15 വർഷം പഴക്കമുള്ള കൂട്ടുകെട്ടും പൊളിച്ചാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 42സീറ്റും എൻ.സി.പി 41 സീറ്റുമായി പ്രതിപക്ഷത്ത് ഒതുങ്ങി. താക്കറെ കുടുംബത്തിൽ നിന്നുള്ള രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സഭയും നിറംമങ്ങി.
ഫഡ്നവിസ് ഷോ
ഭരണപരിചയമില്ലാതിരുന്നിട്ടും മഹാരാഷ്ട്ര എന്ന വലിയ സംസ്ഥാനത്തെ ജനകീയ മുഖ്യമന്ത്രിയായി പേരെടുത്ത ദേവേന്ദ്ര ഫഡ്നവിസ് എന്ന നായകനാണ് തിരഞ്ഞെടുപ്പ് പോരാട്ടത്തിലെ പ്രധാന മുഖം. ബി.ജെ.പി നേതൃത്വത്തിന്റെയും ആർ.എസ്.എസിന്റെയും പിന്തുണയിൽ മുഖ്യമന്ത്രിയായ അദ്ദേഹം പിന്നീട് ഭരണനൈപുണ്യം കാഴ്ചവച്ച് കൈയടി നേടി. മുൻഗാമികളെപ്പോലെ അഴിമതി ആരോപണങ്ങളിൽ നിന്ന് വഴിമാറി ക്ളീൻ ഇമേജ് നിലനിറുത്താൻ 49കാരനായ ഫഡ്നവിസിന് കഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശിവസേനയെ ഒപ്പം നിറുത്തി കാര്യങ്ങൾ എളുപ്പത്തിലാക്കിയതും കേന്ദ്രസർക്കാരിന് ഭീഷണി മുഴക്കി ഇരമ്പിയെത്തിയ കർഷക സമരത്തെ അനുനയിപ്പിച്ചതും ഫഡ്നവിസിന്റെ മിടുക്കാണ്. കേന്ദ്ര നേതൃത്വത്തിന്റെ വിശ്വാസം ആർജ്ജിച്ച അദ്ദേഹത്തിന് മഹാരാഷ്ട്ര ഘടകത്തിലെ എതിരാളികളായ വിനോദ് താവ്ഡെ, ഏക്നാഥ് ഖാഡ്സെ തുടങ്ങിയവരെ ഒതുക്കാനും കഴിഞ്ഞു. ആർ.എസ്.എസിന്റെ പിന്തുണയുള്ള ബ്രാഹ്മണ സമുദായാംഗമായ ഫഡ്നവിസിനെ ഉപയോഗിച്ച് നിതിൻ ഗഡ്കരി എന്ന മഹാരാഷ്ട്രാ നേതാവിനെ അരികിലാക്കാമെന്ന കണക്കുകൂട്ടൽ കേന്ദ്ര നേതൃത്വത്തിനുമുണ്ട്. ഫഡ്നവിസിന് കീഴിൽ ഒറ്റയ്ക്ക് ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
ഉദ്ധവിൽ നിന്ന് ആദിത്യയിലേക്ക്
ബാൽ താക്കറെയിൽ നിന്ന് നേതൃത്വം ഏറ്റെടുത്ത ഉദ്ധവ് താക്കറെ ഇക്കുറി മകൻ ആദിത്യ താക്കറയെ തിരഞ്ഞെടുപ്പിൽ അവതരിപ്പിക്കുന്നു. (മുത്തച്ഛനും അച്ഛനും തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയിട്ടില്ല)ഒരു തലമുറ മാറ്റത്തിലൂടെ സേനയുടെ പ്രതാപം തിരിച്ചു പിടിക്കലാണ് ലക്ഷ്യം. ബാൽ താക്കറെ ഉയർത്തിപ്പിടിച്ച ശുദ്ധ മറാത്തി വാദം ചെറുതായി നേർപ്പിച്ച് തമിഴർക്കും മലയാളികൾക്കും അടക്കം അവസരം നൽകാമെന്ന വിശാല മനസുമായാണ് 29കാരൻ ആദിത്യ വർളി മണ്ഡത്തിൽ പ്രചാരണം നടത്തുന്നത്.
രാജ്യം ഭരിക്കുന്ന പാർട്ടിയാണെങ്കിലും ബി.ജെ.പിയെ മഹാരാഷ്ട്രയിൽ അംഗീകരിക്കാനൊന്നും താക്കറെമാർ തയ്യാറല്ല. മഹാരാഷ്ട്രയിൽ വീണ്ടുമൊരു ബി.ജെ.പി മുഖ്യമന്ത്രിയെ ശിവസേന ആഗ്രഹിക്കുന്നുമില്ല. എന്നാൽ മണ്ണിന്റെ മക്കൾ വാദം ഉയർത്തി തിരഞ്ഞെടുപ്പ് ഗോദയിൽ ഒറ്റയ്ക്ക് ജയിക്കാമെന്ന ആത്മവിശ്വാസവുമില്ല. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുമുതൽ സഖ്യത്തെ ബാധിക്കാത്ത വിധം വിട്ടുവീഴ്ച ചെയ്താണ് സീറ്റു പങ്കിടുന്നതും. കഴിഞ്ഞ തവണ 150 സീറ്റുകൾ കൈയിൽ വച്ച് ബാക്കി ബി.ജെ.പിക്കും സംഖ്യകക്ഷികൾക്കും വീതിച്ചു നൽകിയ സേന ഇക്കുറി മത്സരിക്കുന്നത് വെറും 124ൽ മാത്രമാണ്. ബി.ജെ.പി 150 സീറ്റിൽ മത്സരിക്കുന്നു. 14 സംഖ്യകക്ഷികളുടെ സീറ്റും ഫലത്തിൽ അവരുടെ കൈവശം തന്നെ.
എവിടെ കോൺഗ്രസ്
പണ്ട് വിശാലമായി ചിറകുവിരിച്ച മറാത്താ മണ്ണിൽ ഇന്ന് കോൺഗ്രസ് കാലുറപ്പിക്കാൻ പാടുപെടുകയാണ്. ദേശീയ തലത്തിലേതു പോലെ നേതൃദാരിദ്ര്യമാണ് പ്രധാന വിഷയം. ക്ളീൻ ഇമേജുണ്ടെങ്കിലും രാഷ്ട്രീയ അടവുകളിൽ തെളിയാത്ത പൃഥ്വീ ചവാനും പക്കാ രാഷ്ട്രീയക്കാരനെങ്കിലും നായകനായി ശോഭിക്കാൻ കഴിയാത്ത അശോക് ചവാനുമാണ് മഹാരാഷ്ട്ര കോൺഗ്രസിന്റെ അമരത്തുള്ളത്. വേറെയും നേതാക്കളുണ്ടെങ്കിലും പലരുടെയും കണ്ണ് ബി.ജെ.പി പാളയത്തിലേക്കാണ്. ('നേതാക്കളുടെ ഒഴിവില്ല"എന്ന ബോർഡ് താമസിയാതെ ബി.ജെ.പി ഓഫീസിന് മുന്നിൽ സ്ഥാപിക്കുമെന്ന തമാശയും കേൾക്കുന്നു )മുൻ മുംബയ് ഘടകം അദ്ധ്യക്ഷനും മഹാരാഷ്ട്രയിലെ പ്രമുഖ നേതാവുമായ സഞ്ജയ് നിരുപത്തിന്റെ 'പിന്തിരിപ്പൻ"നിലപാട് പാർട്ടിക്ക് തിരിച്ചടിയാണ്. മിലിന്ദ് ദേവറയാണ് നിറം മങ്ങിയ മറ്റൊരാൾ. നേതാക്കളുടെ സ്വാധീനത്താൽ ചില മണ്ഡലങ്ങൾ നിറുത്താനാകുമെന്നതിൽ കവിഞ്ഞ് കോൺഗ്രസിന് വലിയ പ്രതീക്ഷകളില്ല.
ഭാരം ഏറ്റെടുത്ത് പവാർ
തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേന്ദ്രസർക്കാർ തൊടുത്തുവിട്ട കേസ് മുതലാക്കാൻ പ്രായാധിക്യം വകവയ്ക്കാതെ പ്രചാരണത്തിൽ സജീവമാണ് എൻ.സി.പി നേതാവ് ശരത് പവാർ. മഹാരാഷ്ട്ര മുഴുവൻ മുഴങ്ങിയ പ്രഭാവമില്ലെങ്കിലും എൻ.സി.പിയെ പിടിച്ചു നിറുത്താൻ പവാറിന്റെ സാന്നിദ്ധ്യം ഗുണം ചെയ്തേക്കും. പ്രത്യേകിച്ചും പഞ്ചസാര മില്ലുകൾ ഏറെയുള്ള പശ്ചിമ മഹാരാഷ്ട്രയിൽ. ബി.ജെ.പിക്കും ശിവസേനയ്ക്കും പിന്നിൽ മൂന്നാം കക്ഷിയായി എൻ.സി.പി മുന്നേറുമെന്ന സൂചനയും വരുന്നുണ്ട്.
ബി ടീമുകൾ
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അടക്കം ആകെ ഫലത്തെ സ്വാധീനിച്ച രണ്ടു കക്ഷികളാണ് അസദുദ്ദീൻ ഓവൈസിയുടെ എ.ഐ.എം.ഐ.എമ്മും അംബേദ്ക്കറിന്റെ കൊച്ചുമകൻ പ്രകാശ് അംബേദ്കറിന്റെ ദളിത് പാർട്ടിയായ വഞ്ചിത് ബഹുജൻ അഗാദിയും(വി.ബി.എ). നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവർ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ് സൂചന. കോൺഗ്രസിനും എൻ.സി.പിക്കും ലഭിക്കേണ്ട മുസ്ളിം -ദളിത് വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിച്ചെന്ന ആരോപണം ഇരുപാർട്ടികൾക്കും നേരെ ഉയർന്നിരുന്നു.
അതൃപ്തി, മാന്ദ്യം
എതിരാളികൾ ദുർബലരായതിനാൽ വാക്കോവർ ഉറപ്പിച്ച ബി.ജെ.പി അമിതമായ ആത്മവിശ്വാസത്തിലാണ്. അതിനാൽ വലിയ പണമൊഴുക്കില്ല. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ജനകീയനാണെങ്കിലും രാജ്യമെമ്പാടും വീശിയ സാമ്പത്തിക മാന്ദ്യം സാമ്പത്തിക തലസ്ഥാനമായ മുംബയിലടക്കം റിയൽ എസ്റ്റേറ്റ് രംഗത്തും വ്യവസായ മേഖലയിലും ഐ.ടി പോലുള്ള മറ്റ് തൊഴിൽ രംഗങ്ങളെയും ബാധിച്ചത് എത്രമാത്രം സ്വാധീനം ചെലുത്തുമെന്നതും നിർണായകമാണ്.