ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. ഇ.ഡി ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ തിഹാർ ജയിലിലെത്തി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചിദംബരത്തെ ചോദ്യം ചെയ്യാനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും എൻഫോഴ്‌സ്മെന്റിന് പ്രത്യേക കോടതി അനുമതി നൽകിയിരുന്നു.
രാവിലെ 8.30ഓടെ തിഹാറിലെത്തിയ ഇ.ഡി ഉദ്യോഗസ്ഥർ രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിൽ ലഭിക്കാനായി ഇന്ന് ചിദംബരത്തെ ഡൽഹി സി.ബി.ഐ പ്രത്യേക കോടതിയിൽ ഹാജരാക്കും. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം, മകൻ കാർത്തി ചിദംബരം എന്നിവരും ജയിലിലെത്തിയിരുന്നു. ചിദംബരം തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായുള്ള നടപടിക്രമങ്ങളാണ് നടക്കുന്നതെന്നും കാർത്തി ആരോപിച്ചു.
സി.ബി.ഐ എടുത്ത കേസിൽ ആഗസ്റ്റ് 21ന് അറസ്റ്റിലായ ചിദംബരം സെപ്തംബർ 5 മുതൽ തിഹാർ ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. 55 ദിവസത്തോളം ജുഡിഷ്യൽ കസ്റ്റഡിയിൽ കിടന്ന ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് ഇ.ഡി അറസ്റ്റ് ചെയ്തത്.
ഇ.ഡി കേസിൽ ചിദംബരത്തിന്റെ കീഴടങ്ങൽ അപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയതോടെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ചിദംബരം.