ayodhya-case

ന്യൂഡൽഹി: അയോദ്ധ്യ ബാബ്റി മസ്ജിദ് - രാമജന്മഭൂമി ഭൂമി തർക്കത്തിൽ മദ്ധ്യസ്ഥ സമിതിക്ക് മുൻപാകെ സുന്നി വഖഫ് ബോർഡ് മുന്നോട്ടുവച്ചെന്ന് പറയപ്പെടുന്ന ഒത്തുതീർപ്പ് ഫോർമുല കേസിലെ മറ്റ് മുസ്ലിം കക്ഷികൾ തള്ളി. മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന പ്രശ്നപരിഹാര നിർദ്ദേശങ്ങൾ സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി വഖഫ് ബോർഡ് ഒഴികെയുള്ള മുസ്ലിം കക്ഷികളുടെ അഭിഭാഷകർ സംയുക്തമായി സുപ്രീംകോടതിയിൽ പ്രസ്താവന സമർപ്പിച്ചു.

രണ്ടാം മദ്ധ്യസ്ഥ ശ്രമങ്ങൾക്ക് എല്ലാ കക്ഷികളുടെയും അംഗീകാരമില്ല. ഒത്തുതീർപ്പ് വാർത്തകൾ മാദ്ധ്യമങ്ങളിൽ വന്ന സമയവും വഖഫ് ബോർഡിന്റെ അഭിഭാഷകനായ ഷാഹിദ് റിസ്‌വി അത് സ്ഥിരീകരിച്ചതും മദ്ധ്യസ്ഥ സമിതിയംഗമായ ശ്രീറാം പഞ്ചുവുമായുള്ള കൃത്യമായ ആസൂത്രണത്തോടെയാണ്. അന്തിമവാദം അവസാനിച്ച 16ന് പഞ്ചു സുപ്രീംകോടതിയിൽ ഉണ്ടായിരുന്നു. വഖഫ് ബോർഡ് ചെയർമാൻ സുഫർ ഫാറൂഖിയുമായി പഞ്ചു ആശയവിനിമയം നടത്തിയെന്നും അഭിഭാഷകർ ആരോപിക്കുന്നു. വിവിധ മുസ്ലിം കക്ഷികളുടെ അഭിഭാഷകരായ ഇജാസ് മഖ്ബൂൽ, ഷക്കീൽ അഹമ്മദ് സൈദ്, എം.ആർ. ഷംഷാദ്, ഇർഷാദ് അഹമ്മദ്, ഫുസൈൽ അഹമ്മദ് അയ്യൂബി എന്നിവരാണ് സംയുക്ത പ്രസ്താവന സമർപ്പിച്ചത്. സുന്നി വഖഫ് ബോർഡിന്റെ അഡ്വക്കേറ്റ് ഓൺ റെക്കാഡായ ഷാഹിദ് റിസ്‌വി ഒപ്പിട്ടിട്ടില്ല.

ഒരു തരത്തിലുമുള്ള ഒത്തുതീർപ്പും സ്വീകാര്യമല്ലെന്ന് പ്രധാന ഹിന്ദുകക്ഷി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തരത്തിലുള്ള ഒത്തുതീർപ്പിന് തങ്ങൾ തയ്യാറല്ല. മദ്ധ്യസ്ഥ സമിതി നേരിട്ടോ, മദ്ധ്യസ്ഥതയിൽ പങ്കെടുത്തവരോ ആണ് ഒത്തുതീർപ്പ് സംബന്ധിച്ച വാർത്ത ചോർത്തി നൽകിയത്. മദ്ധ്യസ്ഥ ചർച്ചകൾ രഹസ്യമായിരിക്കണമെന്ന സുപ്രീംകോടതിയുടെ തന്നെ വ്യവസ്ഥയുടെ പൂർണ ലംഘനമാണിതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

അയോദ്ധ്യയ്ക്ക് മേലുള്ള അവകാശവാദം ഉപാധികളോടെ ഉപേക്ഷിക്കാൻ തയ്യാറാണെന്ന് മുൻ ജസ്റ്റിസ് എഫ്.എം. ഇബ്രാഹീം ഖലിഫുള്ള അദ്ധ്യക്ഷനായ മദ്ധ്യസ്ഥ സമിതിക്ക് മുൻപാകെ യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ സുഫർ അഹമദ് ഫാറൂഖി അറിയിച്ചതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ മറ്റു പള്ളികളുടെ സംരക്ഷണം, കലാപത്തിൽ തകർന്നത് ഉൾപ്പെടെ അയോദ്ധ്യയിലെ 22 മുസ്ലിം പള്ളികളുടെ നവീകരണം, കാശി, മഥുര പള്ളികൾക്ക് മേലുള്ള അവകാശ വാദം ഹൈന്ദവ കക്ഷികൾ ഉപേക്ഷിക്കണം, ആർക്കിയോളജി സർവേ ഒഫ് ഇന്ത്യയുടെ കൈയിലുള്ള പള്ളികളിലും പ്രാർത്ഥനാ അവകാശം തുടങ്ങിയവയാണ് ഉപാധികൾ. അതേസമയം വിശ്വഹിന്ദ് പരിഷത്തിന്റെ രാമജന്മഭൂമി ന്യാസ് ഈ ഉപാധികൾ അംഗീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

കേസ് 40 ദിവസത്തെ വാദത്തിന് ശേഷം സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയാൻ മാറ്റിയിരിക്കുകയാണ്.